കിഴുക്കോട്ടു കടവ് പാലം പണിതിട്ട് ഒന്നര പതിറ്റാണ്ട്; പുഴയിലെ തടയണ നീക്കം ചെയ്തില്ല
Mail This Article
നടുവണ്ണൂർ ∙ രാമൻപുഴയ്ക്കു കുറുകെ കിഴുക്കോട്ടുകടവ് പാലം പണിത് ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും അതിനായി പുഴയിൽ നിർമിച്ച താൽക്കാലിക തടയണ (കോഫാർ ഡാം) ഇതുവരെ നീക്കം ചെയ്തില്ല. നടുവണ്ണൂർ പഞ്ചായത്തിനെയും ഉള്ളിയേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം 2007ലാണ് ഉദ്ഘാടനം ചെയ്തത്. തടയണ പുഴ മലിനപ്പെടുത്തുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ പുഴയുടെ ഒഴുക്കിന് തടസ്സമാകുന്നു. തടയണ നിർമാണത്തിന് ഉപയോഗിച്ച തെങ്ങിൻ കുറ്റികളിൽ മഴവെള്ളത്തിൽ ഒഴുകിയെത്തിയ മരക്കഷണങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യവും അടിഞ്ഞു കൂടി.
2016ൽ പൊതുപ്രവർത്തകനായ പി.ബി.അജിത്ത് നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. പരാതിയെ തുടർന്നു തടയണ പൊളിച്ചു നീക്കം ചെയ്യാൻ കമ്മിറ്റി പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തെങ്ങിൻ കുറ്റികളും മണൽ ചാക്കുകളും മാറ്റാൻ പൊതുമരാമത്ത് പാലം വിഭാഗം തയാറായിട്ടില്ല. പുഴയുടെ ഒഴുക്കും ജല ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.