ആധാരം കാണാനില്ല; വാടകയ്ക്കു നൽകിയ ഭൂമി തിരിച്ചെടുക്കാനാകാതെ പഞ്ചായത്ത്
Mail This Article
വടകര∙ചെമ്മരത്തൂരിൽ മിൽമ പ്ലാന്റിനു നൽകിയ ഭൂമി തിരുവള്ളൂർ പഞ്ചായത്തിന്റെ ആസ്തിപ്പട്ടികയിൽ ഇല്ലെന്ന് വിവരാവകാശ രേഖ. ഏറെ വിവാദങ്ങൾക്കു ശേഷം മാസം 50 രൂപ വാടകയ്ക്ക് എൽഡിഎഫിന്റെ താൽപര്യ പ്രകാരം മിൽമയ്ക്ക് ദീർഘ കാല പാട്ടത്തിന് നൽകിയ ഭൂമിയാണ് ഇപ്പോൾ പഞ്ചായത്തിന്റെ സ്വന്തമല്ലെന്ന് അറിയുന്നത്. ഭൂമിയുടെ രേഖ അപ്രത്യക്ഷമായതിനു കാരണം എന്താണെന്ന് പഞ്ചായത്തിനോ അന്ന് പാട്ടത്തിനു നൽകാൻ താൽപര്യമെടുത്ത ജന പ്രതിനിധികൾക്കോ അറിയില്ല. മുൻ പഞ്ചായത്ത് അംഗവും സിപിഐ നേതാവുമായ ചന്ദ്രൻ പുതുക്കുടി നൽകിയ അപേക്ഷയിലാണ് ഭൂമി സംബന്ധമായ അവ്യക്തത പുറത്തുവന്നത്.
2005–10 കാലത്തെ ഭരണ സമിതിയാണ് മിൽമയുടെ ചില്ലിങ് പ്ലാന്റിന് സ്ഥലം വാടകയ്ക്ക് നൽകിയത്. അന്നത്തെ ഭരണ സമിതി തീരുമാനത്തിന് സിപിഐ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് എൽഡിഎഫ് തീരുമാനത്തിനൊപ്പം നിന്നു. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 30 സെന്റിൽ അധികം വരുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന് നൽകുകയായിരുന്നു. പഞ്ചായത്ത് ആരോഗ്യ കേന്ദ്രം തുടങ്ങുമെന്ന് അറിഞ്ഞാണ് ഭൂമി പഞ്ചായത്തിനു കൈമാറിയത്.
എന്നാൽ ഭൂരേഖ കൈവശമായതോടെ പഞ്ചായത്ത് മിൽമ പ്ലാന്റിന് നൽകി. പഞ്ചായത്തിന്റെ ന്യൂട്രിമിക്സ് കേന്ദ്രം, ബഡ്സ് സ്കൂൾ എന്നിവയുടെ ഇതിനോട് ചേർന്നു പ്രവർത്തനം തുടങ്ങി. ഇതിനിടയിൽ മിൽമ പ്ലാന്റ് പ്രവർത്തനം നിർത്തി. വാടക കൃത്യമായി അടയ്ക്കുന്നുണ്ട്. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ ഭൂമി പഞ്ചായത്തിന് തിരികെ കിട്ടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.ഭൂമി സംബന്ധിച്ച പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീർ പറഞ്ഞു. രേഖകൾ പരിശോധിച്ചു വരികയാണ്. പ്ലാന്റ് പ്രവർത്തിക്കാത്ത ഭൂമി തിരിച്ചു പിടിക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.