മേക്കപ്പണിഞ്ഞ് കാത്തിരുന്നത് 7 മണിക്കൂര്‍: കലോത്സവ നടത്തിപ്പിനെതിരെ രക്ഷിതാക്കള്‍
Mail This Article
കോഴിക്കോട്∙ റവന്യൂ ജില്ലാ കലോത്സവത്തില്‍ മണിക്കൂറുകള്‍ വൈകി ആരംഭിച്ച ഒപ്പന മത്സരത്തില്‍ ഏഴ് മണിക്കൂറുകളോളം മേക്കപ്പിട്ട് കാത്തിരിക്കേണ്ടി വന്ന വിദ്യാര്‍ഥിനികളുടെ ദുരനുഭവം പങ്കുവച്ച് ഡിഡിഇയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി മത്സരാര്‍ഥിയുടെ രക്ഷിതാവ്. അര്‍ധരാത്രി വരെ നീണ്ട ഒപ്പന മത്സരം മൂലം മത്സരാര്‍ഥികള്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസം ചൂണ്ടികാട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അമ്മയാണ് ഡിഡിഇയ്ക്കും കലോത്സവം കണ്‍വീനര്‍ക്കും പരാതി നല്‍കിയത്. നടപടിയുണ്ടാകില്ലെന്ന് മനസ്സിലാക്കി മനുഷ്യാവകാശ കമ്മിഷനും പരാതി അയച്ചു.
21ന് ക്രിസ്ത്യന്‍ കോളജിലെ പ്രധാന വേദിയില്‍ വൈകിട്ട് 4.30നാണ് ഒപ്പന നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുൻപ് ബിഇഎം സ്‌കൂളിലെ വേദിയിലേക്ക് മത്സരം മാറ്റിയതായി അറിയിപ്പ് വന്നു. ബിഇഎമ്മില്‍ വൈകിട്ട് 5ന് പറഞ്ഞ പരിപാടി രാത്രി ഒന്‍പത് മണിക്കാണ് ആരംഭിച്ചത്. മത്സരം നീണ്ടതോടെ തന്റെ മകളുടെ ടീമിന് രാത്രി രണ്ട് മണിക്കാണ് ഒപ്പന അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും വൈകിട്ട് 5 മണി മുതല്‍ മേക്കപ്പിട്ട് ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന കുട്ടികള്‍ തളര്‍ന്നാണ് വേദിയില്‍ കയറിയതെന്നും പരാതിയില്‍ പറയുന്നു.
ചമയമണിഞ്ഞത് കാരണം കുട്ടികള്‍ക്ക് ഏഴ് മണിക്കൂറോളം ശുചിമുറിയില്‍ പോകാനും സാധിച്ചില്ല. ഇതെല്ലാം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതേ വേദിയിലെ അസൗകര്യങ്ങളും മത്സരത്തെ ബാധിച്ചതായും പരാതിയിലുണ്ട്. മത്സരം കഴിഞ്ഞ വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ 5 മണിയോടെയാണ് വീട്ടിലേക്ക് എത്തിയത്. മത്സരാര്‍ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന നടപടിയാണ് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായതെന്നും പരാതിയില്‍ പറയുന്നു. തിരികെ പോകുമ്പോള്‍ ക്ഷീണിതയായ വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് റോഡിലേക്ക് വീണതായും പരാതിയുണ്ട്.
കലോത്സവത്തില്‍ മത്സരങ്ങള്‍ പാതിരാത്രി വരെ നീളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും വരുന്ന കലോത്സവങ്ങളില്‍ ഇത്തരം വീഴ്ചയുണ്ടാവാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പരാതിയിൽ പറയുന്നു. വൈകി ആരംഭിച്ചതിലും വേദിമാറ്റിയതിലും ഉള്‍പ്പെടെ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും രക്ഷിതാവ് വ്യക്തമാക്കിയിട്ടുണ്ട്. 19 ആരംഭിച്ച് 22ന് സമാപനം കുറിച്ചിട്ടും ജില്ലാ കലോത്സവത്തിലെ വീഴ്ചകള്‍ക്കെതിരെ പരാതികള്‍ ഒഴിയാത്ത സാഹചര്യമാണുള്ളത്.