സൂപ്പർ ലീഗ് ചാമ്പ്യന് ജന്മ നാടിന്റെ സ്നേഹാദരം
Mail This Article
നാദാപുരം∙ സൂപ്പർ ലീഗ് ചാമ്പ്യനായ കലിക്കറ്റ് എഫ്.സി ഫുട്ബോൾ ടീം ക്യാപ്റ്റൻ ഗനി അഹമ്മദ് നിഗമിന് ജൻമനാട് സ്വീകരണം നൽകി. കസ്തൂരികുളത്ത് നിന്ന് തുടങ്ങിയ വർണ ശബളമായ സാംസ്‌കാരിക ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ അണിനിരന്നു. ബാൻഡ് വാദ്യം, മുത്തുക്കുട, പഞ്ചവാദ്യം തുടങ്ങിയവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, ഏരത്ത് ഇക്ബാൽ, ടി. ബാബു തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
പുളിക്കൂൽ അങ്ങാടിയിൽ നടന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബാസ് കണെക്കൽ അധ്യക്ഷത വഹിച്ചു. ഗനി അഹമ്മദ് നിഗമിനുള്ള സ്നേഹോപഹാരം നാദാപുരം എസ് ഐ അനീഷ് വടക്കേടത്ത് കൈമാറി. ഗനി അഹമ്മദിന്റെ കോച്ച്മാരായ സുരേന്ദ്രൻ, പ്രദീപൻ എന്നിവരെയും സീതി സാഹിബ് അവാർഡ് ജേതാവ് മുഹമ്മദ് ബംഗ്ലത്ത്, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഇസ്മായിൽ, ഫസൽ നാദാപുരം, വാണി സി പ്രദീപ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ജനപ്രതിനിധികളായ സിഎച്ച് നജ്മ ബീവി, കെടികെ സമീറ, സിഎച്ച് ബാലകൃഷ്ണൻ, റിയാസ് ബംഗ്ലാത്ത്, എകെ സക്കീർ, അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.