കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Mail This Article
കോഴിക്കോട്∙ നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് വച്ച് രാസലഹരിയായ എംഡിഎംഎയുമായി രണ്ട് പേരെ പിടികൂടി. കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 60 ഗ്രാം എംഡിഎംഎയുമായിട്ട് കണ്ണൂർ സ്വദേശി വാരം നന്ദനത്തിൽ പി. മണികണ്ഠൻ(46), കാസർകോഡ് സ്വദേശി കാഞ്ഞങ്ങാട് നെരളാട് ഹൗസിൽ ബിജു മാത്യു (49) എന്നിവരെ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പൊലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഈ മാസത്തിൽ തന്നെ ഡാൻസാഫിന്റെ പതിനൊന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്.
കാസർകോഡ് ഭാഗത്ത് നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് കോഴിക്കോട് സിറ്റിയിലെ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് ആവശ്യക്കാർക്ക് സ്പോടിൽ എത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവരുടേത്. പിടിയിലായ മണികണ്ഠൻ റിട്ടേർഡ് മിൽട്രി ഉദ്യോഗസ്ഥൻ എന്ന് വ്യാജേന ചമഞ്ഞാണ് പല സ്ഥലങ്ങളിലും ഇയാൾ റൂം എടുക്കുന്നതും മയക്കുമരുന്ന് വിൽപന നടത്തുന്നതും. കാസർകോഡ് ഭാഗത്തെ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ. പിടിയിലായ ബിജു കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവറാണ്. ഇവരെ പിടി കൂടിയതിൽ കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.