നാടുനീളെ നായ്ക്കൾ; നിയന്ത്രിക്കാൻ പദ്ധതിയില്ലാതെ തിരുവമ്പാടി
Mail This Article
തിരുവമ്പാടി∙എവിടെ നോക്കിയാലും തെരുവു നായ്ക്കൾ. ടൗൺ, ബസ് സ്റ്റാൻഡ്, റോഡുകൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ഉപയോഗിക്കാത്ത ഷോപ്പിങ് കോംപ്ലക്സുകൾ, കളിസ്ഥലം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു കഴിഞ്ഞദിവസം ഹരിതകർമസേന തൊഴിലാളിയെ ടൗണിൽ തെരുവ് നായ ആക്രമിച്ചു. പുലർച്ചെ പള്ളികളിലേക്കും പോകുന്നവരും തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ജനങ്ങൾക്കിടയിലേക്കും കടകളിലേക്കും തെരുവു നായ്ക്കൾ പാഞ്ഞു കയറുന്ന സാഹചര്യവും ഉണ്ട്.
ബൈക്ക് യാത്രക്കാരുടെ മുൻപിൽ ചാടി അപകടങ്ങൾ ഉണ്ടായ സംഭവങ്ങളും ഉണ്ട്. ബസ് സ്റ്റാൻഡിൽ ആണ് തെരുവ് നായ്ക്കളെ കൂടുതലും കാണാൻ കഴിയുന്നത്.നിർത്തിയിട്ട ബസുകളുടെ അടിയിലാണ് ഇവ വിശ്രമിക്കുന്നത്. വ്യാപാരികളും തൊഴിലാളികളും പരാതി പറയാൻ തുടങ്ങിയിട്ട് ഏറെക്കാലം ആയെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. മാലിന്യം തള്ളുന്നത് തെരുവ് നായ്ക്കൾ വർധിക്കാൻ കാരണമാകുന്നുണ്ട്.