ഗവ. മെഡിക്കൽ കോളജ് കാഷ്വൽറ്റി എല്ലു രോഗ വിഭാഗത്തിൽ 24 മണിക്കൂറും ശസ്ത്രക്രിയ
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് കാഷ്വൽറ്റിയിലെ എല്ലു രോഗ വിഭാഗത്തിൽ 24 മണിക്കൂറും തുടർന്നും ശസ്ത്രക്രിയ നടത്തും. അനസ്തീസിയ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവിനെ തുടർന്ന് കഴിഞ്ഞ നവംബർ ഒന്നു മുതൽ 12 മണിക്കൂറാക്കി ചുരുക്കിയിരുന്നു.ഗവ. മെഡിക്കൽ കോളജിൽ നിന്ന് ശസ്ത്രക്രിയ നടത്താത്തതിനാൽ ചെക്യാട് ഒഡേര വീട്ടിൽ അശ്വിൻ (24) ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ഡിഎംഇയുടെ നിർദേശ പ്രകാരം രണ്ടംഗ സംഘം അന്വേഷണം നടത്തിയിരുന്നു.
കാഷ്വൽറ്റിയിലെ എല്ലുരോഗ വിഭാഗത്തിൽ മുഴുവൻ സമയം അനസ്തെറ്റിസ്റ്റിനെ ലഭ്യമല്ലാത്തതിനാലാണ് ശസ്ത്രക്രിയ വൈകിയതെന്നു അന്വേഷണത്തിൽ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയയ്ക്കു ഞായറാഴ്ച ഉൾപ്പെടെ അനസ്തെറ്റിസ്റ്റിന്റെ സേവനം ലഭ്യമാക്കാൻ നടപടി എടുക്കണമെന്നു അന്വേഷണ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും അനസ്തെറ്റിസ്റ്റിന്റെ സേവനം ലഭ്യമാക്കാൻ ആരോഗ്യ മന്ത്രി നിർദേശിച്ചത്.
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം മേധാവി ഡോ. ടി.പി.അഷ്റഫ്, തൃശൂർ മെഡിക്കൽ കോളജ് സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. സി.രവീന്ദ്രൻ എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് 2 വർഷം മുൻപ് കാഷ്വൽറ്റിയിൽ എല്ലു രോഗ വിഭാഗത്തിനും 24 മണിക്കൂർ ശസ്ത്രക്രിയയ്ക്കു സൗകര്യം ഒരുക്കിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരുന്നു ഈ സംവിധാനം ഏർപ്പെടുത്തിയത്.
ഞായറാഴ്ച കൂടി അനസ്തെറ്റിസ്റ്റിനെ മുഴുവൻ സമയം ലഭ്യമാക്കണമെന്ന് എല്ലുരോഗ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അനസ്തീസിയ വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവിനെ തുടർന്ന് ആശുപത്രി അധികൃതർ യോഗം ചേർന്ന് അത്യാഹിത വിഭാഗത്തിൽ എല്ലു രോഗ ശസ്ത്രക്രിയ 12 മണിക്കൂറാക്കി ചുരുക്കാൻ തീരുമാനിച്ചത്.
അപകടത്തിൽ പെട്ട് എല്ലു പൊട്ടി വരുന്നവർക്ക് നിശ്ചിത സമയത്തിനകം (ഗോൾഡൻ അവർ) ശസ്ത്രക്രിയ നടത്തുന്നത് ഏറെ നല്ലതാണെന്നും അതിനു വേണ്ടിയാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയതെന്നും 2 വർഷം മുൻപ് ഇതു സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതിനെല്ലാം വിരുദ്ധമായാണ് ശസ്ത്രക്രിയ 12 മണിക്കൂറാക്കി ചുരുക്കിയത്.
കോയമ്പത്തൂരിൽ സൈനിക റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കവേ കൂട്ടയോട്ടത്തിനിടെ വീണ് ഇടതു കാലിന്റെ തുടയെല്ലു പൊട്ടിയതിനെ തുടർന്ന് അശ്വിനെ കഴിഞ്ഞ 10ന് ആണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. യഥാസമയം ശസ്ത്രക്രിയ നടത്തിയില്ലെന്ന കാരണത്താൽ അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അശിന്റെ ചികിത്സയ്ക്ക് ഇതിനകം 8 ലക്ഷത്തിലേറെ രൂപ ചെലവു വന്നു. ആരോഗ്യ നിലയിൽ ചെറിയ പുരോഗതിയുണ്ട്.