രാഹുലും പ്രിയങ്കയും 30ന് എത്തും; വോട്ടർമാരോട് നന്ദി പറയാൻ
Mail This Article
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും 30ന് മണ്ഡലത്തിലെത്തും. രാവിലെ 11നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും 12നു തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 2.15നു കരുളായി, 3.30നു വണ്ടൂർ, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിലും പങ്കെടുക്കും. ഡിസംബർ 1ന് രാവിലെ 10.30നു മാനന്തവാടിയിലും 12.15നു ബത്തേരിയിലും 1.30നു കൽപറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുത്തശേഷം വൈകിട്ട് ന്യൂഡൽഹിയിലേക്കു തിരിക്കുമെന്നു യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ എംഎൽഎ അറിയിച്ചു.
പ്രിയങ്കയുടെ സത്യപ്രതിജ്ഞയിൽ ആഹ്ലാദം പ്രകടിപ്പിച്ചു
മുക്കം∙ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്ലാദം പങ്കിട്ട് മുക്കത്ത് യുഡിഎഫ് നേതാക്കളും പ്രവർത്തകരും കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സി.കെ.കാസിം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി സി.ജെ.ആന്റണി, ബാബു പൈക്കാട്ടിൽ, പി.സി.ഹബീബ് തമ്പി, ഡിസിസി അംഗം എം.ടി.അഷ്റഫ്, ബി.പി.റഷീദ്, ജോബി ഇലന്തൂർ, എം.മധു, സുജ ടോം, സമാൻ ചാലൂളി, സണ്ണി കാപ്പാട്ടുമല, വേണു കല്ലുരുട്ടി, എ.എം.അബൂബക്കർ, ഒ.കെ.ബൈജു, സണ്ണി കിഴക്കരക്കാട്ട് എന്നിവർ പ്രസംഗിച്ചു
പ്രിയങ്കയ്ക്ക് രാഹുലിന്റെ ഓഫിസ്
മുക്കം∙ പ്രിയങ്ക ഗാന്ധി എംപിക്ക് മുക്കം നോർത്ത് കാരശ്ശേരിയിൽ ഓഫിസ്. നേരത്തെ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫിസ് ആയും പ്രവർത്തിക്കുന്നത്. സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ നോർത്ത് കാരശ്ശേരിയിലാണ് ഓഫിസ്.