‘കെജിഎഫ്’ പ്രചോദനം; പണക്കാരനായി തിരിച്ചെത്താൻ സ്കൂൾ വിദ്യാർഥി നാടുവിട്ടു, ഒടുവിൽ...
Mail This Article
ഫറോക്ക്∙ വീട്ടുകാരുമായി പിണങ്ങി നാടുവിട്ട സ്കൂൾ വിദ്യാർഥിയെ തമിഴ്നാട്ടിൽ വച്ച് സിറ്റി ക്രൈം സ്ക്വാഡ് കണ്ടെത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ചൈൽഡ് മിസിങ് കേസിലെ കുട്ടിയെയാണ് ചെന്നൈ നഗരത്തിൽ നിന്നും കണ്ടെത്തിയത്. എരഞ്ഞിപ്പാലം ലോഡ്ജിൽ വച്ച് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയതായിരുന്നു സിറ്റി ക്രൈം സ്ക്വാഡ്.
കുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കുട്ടിയെ കിട്ടിയത്. ‘കെജിഎഫ്’ സിനിമയുടെ പ്രചോദനത്തിൽ, കഴിഞ്ഞ 28ന് രാവിലെ സ്കൂളിലേക്ക് പോകാതെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ കയറിയതായിരുന്നു 16 വയസ്സുകാരൻ.
ഹോട്ടലിൽ ജോലി ചെയ്ത് പണക്കാരനായി നാട്ടിൽ വരാനായിരുന്നു ഉദ്ദേശ്യം. രക്ഷിതാക്കളോട് പിണങ്ങി നാടുവിട്ടതായതുകൊണ്ട് തിരികെ വരാൻ കൂട്ടാക്കാതിരുന്ന കുട്ടിയെ മോട്ടിവേഷൻ ക്ലാസ്സെടുത്ത് അനുനയിപ്പിച്ചാണ് നാട്ടിലെത്തിച്ചത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ.പ്രശാന്ത് കുമാർ, രാകേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.