കല്ലായിപ്പുഴയോരത്തെ കയ്യേറ്റം പരിശോധിക്കുന്നതിനിടെ വില്ലേജ് ഓഫിസർമാരുടെ തർക്കം
Mail This Article
കോഴിക്കോട്∙ കല്ലായിപ്പുഴയുടെ തെക്കേ തീരത്ത് സർക്കാർ തിരിച്ചുപിടിച്ച പുഴയോരത്ത് വീണ്ടും കയ്യേറ്റമെന്ന പരാതി പരിശോധിക്കാനെത്തിയ വില്ലേജ് ഓഫിസർമാർ തമ്മിൽ അതിർത്തിത്തർക്കം. ഇതിനിടെ സ്ഥലത്ത് നിർമാണപ്രവർത്തനം നടത്തുന്നവരും പുഴസംരക്ഷണ സമിതി പ്രവർത്തകരും തമ്മിലും തർക്കം. ഒടുവിൽ, റീസർവേ ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. ഇന്നലെ രാവിലെയാണ് കല്ലായിപ്പുഴ കയ്യേറ്റവുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ നടന്നത്. കല്ലായി പാലത്തിനു കിഴക്ക്, മുൻപ് ഒരു പത്രസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം നിർമാണ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയത് പുഴ സംരക്ഷണ സമിതി പ്രവർത്തകർ തടഞ്ഞിരുന്നു. പുഴയോരത്തെ മരം മണ്ണുമാന്തി ഉപയോഗിച്ച് പിഴുതുമാറ്റാൻ ശ്രമിച്ചതായും പുഴയോടു ചേർന്ന ഭാഗത്ത് ഭൂമി കയ്യേറി കുഴിയെടുക്കുന്നതായും പുഴ സംരക്ഷണസമിതി പ്രവർത്തകർ ആരോപിച്ചിരുന്നു. 2008ൽ സർക്കാർ സർവേ നടത്തിയപ്പോൾ ഇവിടെ പുഴ കയ്യേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഈ സ്ഥലം പത്രസ്ഥാപനം സർക്കാരിനു കൈമാറി.
എന്നാൽ, ഇതിനോടു ചേർന്നുള്ള ഭൂമിയിലെ കെട്ടിടം വാങ്ങിയയാൾ പുഴയോരത്തെ ഭൂമി വീണ്ടും കയ്യേറി മണ്ണിട്ടു നികത്തിയെന്നാണ് പരാതി. കെട്ടിടത്തിന്റെ പിൻവശത്താണ് പുഴ. പുഴ കയ്യേറുന്നതായി തഹസിൽദാർക്ക് 26ന് കല്ലായിപ്പുഴ സംരക്ഷണസമിതി പരാതി നൽകി. തുടർന്നാണ് ഇന്നലെ രാവിലെ കസബ വില്ലേജ് ഓഫിസർ സ്ഥലത്ത് പരിശോധനയ്ക്ക് വന്നത്. ഈ സ്ഥലം കസബ വില്ലേജിന്റെ പരിധിയിലല്ലന്നും പന്നിയങ്കര വില്ലേജ് ഓഫിസിന്റെ പരിധിയിലാണെന്നും അറിയിച്ചു. തുടർന്ന് ഇക്കാര്യം പുഴ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും പന്നിയങ്കര വില്ലേജ് ഓഫിസറെ അറിയിച്ചു. പന്നിയങ്കര വില്ലേജ് ഓഫിസറും സ്ഥലത്തെത്തി. സ്ഥലം പന്നിയങ്കര വില്ലേജ് ഓഫിസിന്റെ രേഖകളിൽ കാണുന്നില്ലെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു.
തുടർന്നാണ് സ്ഥലം ഏത് വില്ലേജിന്റെ പരിധിയിലാണെന്നതിൽ രണ്ടു വില്ലേജ് ഓഫിസർമാരും തർക്കിച്ചത്. നാട്ടുകാരും പുഴ സംരക്ഷണ സമിതി പ്രവർത്തകരും നോക്കിനിൽക്കെയാണ് തർക്കം. ഇതിനിടെ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ചിലരും പുഴസംരക്ഷണ സമിതി പ്രവർത്തകരുമായി തർക്കമുണ്ടായി. പുഴയോരത്തേക്ക് കടക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് പുഴ സംരക്ഷണ സമിതി പ്രവർത്തകരെ തടഞ്ഞു. ഇതു വാക്കേറ്റത്തിലെത്തി. പ്രദീപ് മാമ്പറ്റ, പി.പി.ഉമ്മർകോയ, സലീം ബാബു, ടി.ഇ.മൻസൂർ, ഷഹീദ് സുൽഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുഴസംരക്ഷണസമിതി പ്രവർത്തകർ പ്രതിഷേധിച്ചത്. പുഴയോരത്തെ സ്ഥലത്തിനു മുന്നിലുള്ള റോഡിലാണു വില്ലേജ് ഓഫിസർമാർ തർക്കിച്ചത്. ഇതിനു സമീപത്തെ കടയിലെ ജീവനക്കാരൻ തന്റെ കടയ്ക്കു മുന്നിൽ നിന്ന് തർക്കിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ വില്ലേജ് ഓഫിസർമാരും ജനങ്ങളും അവിടെ നിന്നു മാറി.
തർക്കം തീരാത്തതിനെതുടർന്ന് രേഖകളിൽ വ്യക്തത വരുത്താൻ അധികൃതർ തിരികെപ്പോയി. തുടർന്ന് കലക്ടർക്കു പുഴസംരക്ഷണ സമിതി പരാതി നൽകി. വില്ലേജ് ഓഫിസർമാർ അതിർത്തിയുടെ കാര്യത്തിൽ മോശമായ രീതിയിൽ പൊതുജന മധ്യത്തിൽ തർക്കിച്ചെന്നും പുഴ കയ്യേറി മണ്ണിട്ട് നികത്തിയതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി. സിആർസെഡ് നിയമ ലംഘനമാണെന്ന് വ്യക്തമായിട്ടും നടപടി എടുത്തില്ലെന്നും പരാതിയിലുണ്ട്. സർക്കാർ ഭൂമി കയ്യേറിയതിനെതിരെ നടപടി സ്വീകരിക്കുകയും പുഴയുടെ തീരത്ത് വീണ്ടും സർവേ നടത്തണമെന്നും ആവശ്യപ്പെട്ടാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് എസ്.കെ.കുഞ്ഞിമോൻ പരാതി നൽകിയത്. ഇന്ന് തഹസിൽദാർ സ്ഥലം സന്ദർശിക്കുമെന്ന് പുഴസംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു. ഈ സ്ഥലം പന്നിയങ്കര വില്ലേജ് ഓഫിസ് പരിധിയിലാണെന്നും അവിടെ വീണ്ടും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ താലൂക്ക് സർവേയർക്ക് ഇന്നലെ റിപ്പോർട്ട് നൽകി. സ്ഥലത്തിന്റെ ഉടമ മാറിയിട്ടും രേഖകളിലെ പേരുമാറ്റിയിട്ടില്ലെന്നും ആരോപണമുണ്ട്. സർക്കാർ ഏറ്റെടുത്ത് ജണ്ട കെട്ടിയ സ്ഥലമാണ് ഇത്. കണ്ടൽക്കാട് മൂടിയ സ്ഥലമായതിനാൽ മണ്ണിട്ടുനികത്തിയത് ആദ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ജനങ്ങൾ പറഞ്ഞു.