ADVERTISEMENT

കോഴിക്കോട്∙ ബെംഗളൂരുവിൽനിന്നു മംഗളൂരു വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്കു നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ട് ഇന്ന് 10 മാസം പിന്നിടുമ്പോഴും ട്രെയിൻ കോഴിക്കോട്ടെത്തിയില്ല. കർണാടകയിലെ ബിജെപി നേതൃത്വം റെയിൽവേ മന്ത്രാലയത്തിൽ ചെലുത്തിയ സമ്മർദത്തെത്തുടർന്നാണ് തീരുമാനം നടപ്പാക്കാൻ കഴിയാതെ പോയത്.

 വിഷയം ഗൗരവതരമാണെന്നും കോഴിക്കോട്ടേക്കു ദീർഘിപ്പിച്ചുകൊണ്ട് ഈ സർവീസ് എത്രയും വേഗം ആരംഭിക്കണമെന്നുമായിരുന്നു ജനുവരി 30ന് റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ വിവേക് കുമാർ സിൻഹ ഒപ്പുവച്ച ഉത്തരവിൽ നിർദേശിച്ചിരുന്നത്. എന്നാൽ 10 മാസത്തിനു ശേഷവും ഈ ഉത്തരവിനു വിലയില്ലാതെ ട്രെയിൻ കണ്ണൂരിൽ വന്നു മടങ്ങുന്നു. 

കോഴിക്കോട്ടെ യാത്രക്കാർ ബെംഗളൂരുവിലേക്കുള്ള ഏക പ്രതിദിന ട്രെയിനിൽ ദുരിതയാത്ര തുടരുകയും ചെയ്യുന്നു. ഈ ട്രെയിൻ ആരംഭിക്കുന്നതും സർവീസ് അവസാനിപ്പിക്കുന്നതും രണ്ടു വ്യത്യസ്ത റെയിൽവേ ഡിവിഷനുകളിലായതിനാൽ ഏറെ സമ്മർദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. കർണാടകയിലെ ബിജെപി എംപി നളിൻകുമാർ ‍കാട്ടീൽ റെയിൽവേ മന്ത്രിയെ നേരിൽക്കണ്ടും നിവേദനമയച്ചും രേഖപ്പെടുത്തിയ പ്രതിഷേധമാണ് ദീർഘിപ്പിച്ച ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനു തടസ്സമായത്. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യമായിരുന്നതിനാൽ കർണാടക ബിജെപിയുടെ രാഷ്ട്രീയ സമ്മർദം വിജയിച്ചതാണെന്നും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തീരുമാനം നടപ്പാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പുകൾ പലതു കഴിഞ്ഞിട്ടും ബെംഗളൂരു ട്രെയിൻ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടില്ല.16511 നമ്പർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് ദിവസേന രാത്രി 9.35ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിലും ഉച്ചയ്ക്ക് 12.40ന് കോഴിക്കോട്ടും എത്താനായിരുന്നു സമയം ക്രമീകരിച്ചിരുന്നത്. മടക്കയാത്രയിൽ 16512 നമ്പർ കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് ദിവസേന വൈകിട്ട് 3.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 5ന് കണ്ണൂരിലും പിറ്റേന്നു രാവിലെ 6.35ന് ബെംഗളൂരുവിലും എത്തുന്ന രീതിയിലായിരുന്നു പുതിയ സമയക്രമം.

English Summary:

Despite Railway Board approval, the extension of the Bengaluru-Kannur Express to Kozhikode has been delayed for 10 months, allegedly due to pressure from Karnataka BJP MP Nalin Kumar Kateel. This delay causes significant inconvenience for passengers relying on this vital rail link.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com