പാലത്തോടു ചേർന്ന പൊതുസ്ഥലം മണ്ണിട്ടു നികത്തുന്നതായി പരാതി
Mail This Article
കൂത്താളി∙പഞ്ചായത്തിലെ താനിക്കണ്ടി പാലത്തിനു സമീപം പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറി മണ്ണിട്ട് ഉയർത്തുന്നതായി പരാതി.താനിക്കണ്ടി പുഴയോടു ചേർന്നു നിൽക്കുന്ന സ്ഥലം പാലം നിർമാണത്തിന്റെ ഭാഗമായി കെട്ടി ഉയർത്തിയതാണ്. ആ ചെങ്കുത്തായ കരിങ്കൽക്കെട്ടാണ് മണ്ണിട്ടു മൂടി നികത്തുന്നത്.
സംഭവം വെള്ളക്കെട്ടിന് കാരണമാകുന്നതിനാൽ നിയമനടപടി ആവശ്യപ്പെട്ട് പരിസരവാസികൾ റവന്യു, പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. ഐസ് പ്ലാന്റ് നിർമാണം നടത്താനെന്ന വ്യാജേനയാണ് റോഡിൽ നിന്ന് 10 മീറ്ററിൽ ഏറെ കരിങ്കൽ കെട്ട് വഴി റോഡ് നിർമിക്കാനുള്ള ശ്രമം നടത്തുന്നതെന്നാണു പരാതി.മഴക്കാലത്ത് പാലത്തിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ വെള്ളം കയറി ദുരിതം അനുഭവിക്കുന്നവരാണ്. ഒരു ഭാഗം മണ്ണിട്ട് ഉയർത്തുമ്പോൾ മറുകര വെള്ളത്തിൽ മുങ്ങും. ഇത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറും.