ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടൽ: മന്ത്രി വന്നുപോയി, ട്രെയിൻ വന്നില്ല; എതിർത്തത് കർണാടക ബിജെപി
Mail This Article
കോഴിക്കോട്∙ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് സന്ദർശനം നടത്തിയിട്ട് മാസമൊന്നു കഴിഞ്ഞെങ്കിലും പരിഹരിക്കുമെന്ന് അന്നു വാഗ്ദാനം ചെയ്ത ബെംഗളൂരു ട്രെയിൻ ദീർഘിപ്പിക്കൽ കാര്യത്തിൽ ഇന്നും അനക്കമില്ല. വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ അവസരത്തിലാണ് റെയിൽവേ മന്ത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനെത്തിയത്.
ഈ അവസരത്തിൽ ബിജെപി നേതൃത്വവും എം.കെ.രാഘവൻ എംപിയും ബെംഗളൂരു ട്രെയിൻ ദീർഘിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തിരുന്നു. ബെംഗളൂരുവിൽനിന്നു മംഗളൂരു വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ടും അതു നടപ്പാക്കാത്ത പ്രശ്നമാണ് ഇവരെല്ലാം മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചത്. ഉടൻ പരിഹരിക്കുമെന്ന മറുപടി എല്ലാവർക്കും ലഭിച്ചു. എന്നാൽ ഇതുവരെ അനക്കമൊന്നുമില്ല.
എതിർത്തത് കർണാടക ബിജെപി
കർണാടകയിലെ ബിജെപി എംപിയുടെ എതിർപ്പിനെ തുടർന്നാണ് നടപടി വൈകുന്നത്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ട് 10 മാസം പിന്നിട്ടിട്ടും അതു നടപ്പാക്കാൻ കഴിയുന്നില്ല. നവംബർ 3ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട്ടെത്തിയ അവസരത്തിൽ ഈ ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തിരുന്നുവെന്നും വൈകാതെ ഇതു നടപ്പാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും റെയിൽ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് ‘മനോരമ’യോടു പറഞ്ഞു.
മലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യമായതിനാൽ ബിജെപി കേരളഘടകം ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പമാണ്. ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുന്നതിൽ താമസിയാതെ നടപടിയുണ്ടാകുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി എം.കെ.രാഘവൻ എംപി വ്യക്തമാക്കി. മന്ത്രി പറഞ്ഞാൽ ബോർഡിന്റെ തീരുമാനം നടപ്പാക്കുമെന്ന് ബോർഡ് ചെയർമാൻ തന്നോടു പറഞ്ഞതാണ്. ഇക്കാര്യം മന്ത്രിയോടു സംസാരിച്ചപ്പോൾ കുറച്ചുകൂടി സമയം വേണമെന്നും അധികം താമസിയാതെ നടപ്പാകുമെന്നുമാണ് മറുപടി കിട്ടിയതെന്നും എം.കെ.രാഘവൻ പറഞ്ഞു.
ഗോവ–മംഗളൂരു വന്ദേഭാരത് നീട്ടൽ: നടപടി പുരോഗമിക്കുന്നതായി എം.കെ.രാഘവൻ
കോഴിക്കോട്∙ 20645 ഗോവ–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ നടപടികൾ പുരോഗമിക്കുകയാണെന്ന് എം.കെ.രാഘവൻ എംപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് എംപി പറഞ്ഞു. നിലവിലുള്ള സർവീസ് റെയിൽവേക്കു കനത്ത നഷ്ടമാണ് വരുത്തുന്നത്.
ഈ ട്രെയിൻ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുന്നതോടെ കേരളത്തിനു പുതിയൊരു ട്രെയിൻ ലഭിക്കുന്നതിനൊപ്പം റെയിൽവേക്ക് അതു ലാഭകരമായി മാറുകയും ചെയ്യും. പുതിയ സമയക്രമം നടപ്പാക്കുന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അതു പൂർത്തിയാകുന്നതോടെ കോഴിക്കോട്ടേക്കു ദീർഘിപ്പിക്കുമെന്നും എംപി പറഞ്ഞു.ഗോവ–മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്ന കാര്യത്തിൽ കോഴിക്കോട്ട് നടത്തിയ ചർച്ചയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസും പറഞ്ഞു.