ADVERTISEMENT

കോഴിക്കോട്∙ സരോവരം ബയോപാർക്കിനു സമീപത്തെ കണ്ടൽക്കാട് വെട്ടിത്തെളിച്ചു സ്വകാര്യ വ്യക്തി റോഡ് നിർമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രദേശവാസികൾ പ്രതിരോധ സമരം തുടങ്ങി.സരോവരം ബയോപാർക്ക് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഇരുനൂറിലേറെ പരിസരവാസികൾ സംഘടിച്ചു പ്രതിഷേധ പ്രകടനവും ധർണയും നടത്തി.വാഴാത്തിരുത്തി, കിഴക്കൻ തിരുത്തി, പാലാട്ട് പ്രദേശം എന്നിവിടങ്ങളിലെ ജനങ്ങളാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്.കണ്ടൽക്കാട് വെട്ടി റോഡ് നിർമിക്കാൻ എത്തിയ മണ്ണുമാന്തി യന്ത്രം ജനങ്ങൾ പിടികൂടി ഒരാഴ്ചയായി കാവൽ നിൽക്കുകയാണ്. മണ്ണുമാന്തി നീക്കാൻ ഉടമ എത്തിയെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. 

സരോവരം ബയോപാർക്കിനു പിൻവശത്തെ ഏക്കർ കണക്കിനു വരുന്ന കണ്ടൽ കാടും വെള്ളക്കെട്ടും ഉൾപ്പെടുന്ന ഭൂമി സ്വകാര്യ വ്യക്തിയുടെ പേരിലാണ്. എന്നാൽ കാടു വെട്ടി റോഡു നിർമിച്ചു കെട്ടിട സമുച്ചയം നിർമിക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്നു സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. സരോവരത്ത് അനധികൃതമായി നടക്കുന്ന നിർമാണവും കണ്ടൽ നശീകരണവും മണ്ണിട്ടു നികത്തലും തടയണമെന്നും പ്രദേശത്തേക്കുള്ള ഗതാഗതം സുഖമമാക്കണമെന്നാണു സമിതി ആവശ്യപ്പെടുന്നത്. റവന്യു അധികൃതർ അടിയന്തരമായി നടപടി എടുത്തില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചു.

സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ.ടി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.അജയലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.അലക്സ്, കെ.വി.ജോഷി, കെ.വാസുദേവൻ, ഷെറീന ഷറിൻ, സുനിൽ അലക്സ്, കുണ്ടൂർ പ്രകാശ്, ടി.പി.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു. മലാപ്പറമ്പ് പാച്ചാക്കിൽ മുതൽ സരോവരം വരെ പരിസ്ഥിതി സംരക്ഷണ മേഖലയാണ്. ഇതു സംരക്ഷിക്കണമെന്നു ബന്ധപ്പെട്ടു വെറ്റ് ലാൻഡ് അതോറിറ്റി കേരളയ്ക്കു കോർപറേഷൻ വിവരശേഖരണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നു കൗൺസിലർ എം.എൻ.പ്രവീൺ പറഞ്ഞു.

വില്ലേജ് ഓഫിസർക്ക് സ്ഥലംമാറ്റം
കോഴിക്കോട്∙ സരോവരം ബയോപാർക്കിനു സമീപം കണ്ടൽക്കാട് വെട്ടി റോഡ് നിർമാണത്തിന് എത്തിച്ച മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കുകയും ഉടമയ്ക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്ത വേങ്ങേരി വില്ലേജ് ഓഫിസർ പി.പി.ജിജി ഇന്ന് എലത്തൂർ വില്ലേജ് ഓഫിസറായി ചുമതലയേൽക്കും. വേങ്ങേരിയിൽ പകരം കേരള റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിലെ മറ്റൊരു ജീവനക്കാരനാണ് ചുമതല. വ്യക്തിപരമായ കാരണങ്ങളാൽ വേങ്ങേരി വില്ലേജ് ഓഫിസർക്ക് നേരത്തെ എലത്തൂർ വില്ലേജിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നതായും അതിനാലാണ് ഇന്നു  ചുമതലയേൽക്കുന്നതെന്നും റവന്യു വിഭാഗം പറയുന്നു.

English Summary:

Residents of Kozhikode are protesting against the destruction of a mangrove forest near Sarovaram Biopark for a road construction project. They allege the project is illegal and threatens the sensitive wetland ecosystem. The protest, led by the Sarovaram Biopark Nature Conservation Committee, demands an immediate halt to the construction and urges authorities to prioritize environmental protection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com