ദേശീയപാത നവീകരണം: തിരുവള്ളൂർ റോഡിലേക്ക് പ്രവേശനം അടച്ചു; വടകര പുതിയ സ്റ്റാൻഡ് പരിസരം കുരുക്കിൽ
Mail This Article
വടകര ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉയരപ്പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ തിരുവള്ളൂർ റോഡിലേക്ക് പ്രവേശനം അടച്ചതോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനക്കുരുക്കിൽ വീർപ്പു മുട്ടുകയാണ് എടോടി–പുതിയ ബസ് സ്റ്റാൻഡ് റോഡ്. വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ഏരെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഗതാഗത കുരുക്ക് ചിലപ്പോൾ എടോടി റോഡും കഴിഞ്ഞ് പഴയ ബസ് സ്റ്റാൻഡ് വരെ നീളുന്നു.
തിരുവള്ളൂർ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കണമെങ്കിൽ യു ടേൺ എടുത്ത് ലിങ്ക് റോഡ് വഴി 500 മീറ്ററോളം സഞ്ചരിക്കണം. എടോടി റോഡിൽ നിന്നുള്ള വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള ബസുകളും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളും എല്ലാം ചേരുമ്പോഴേക്കും ദേശീയപാതയിൽ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഒരു വശത്തേക്ക് മാത്രം ഗതാഗതമുള്ള വീതി കുറഞ്ഞ സർവീസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളെ തടഞ്ഞാണ് എടോടി റോഡിൽ നിന്നുള്ള വാഹനങ്ങൾ കടത്തി വിടുന്നത്.
തിരുവള്ളൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾ സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് എത്തി യു ടേൺ എടുത്ത് വേണം പഴയ ബസ് സ്റ്റാൻഡിലേക്കും മറ്റും പോകാൻ. ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിര കാരണം എളുപ്പം പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പുതിയ സ്റ്റാൻഡ് ഭാഗത്തു നിന്ന് അടക്കാത്തെരു പഴങ്കാവ് റോഡ് വരെ നീളുന്ന വാഹന നിരയാണ് ഏതുസമയവും. ഇതിനിടയിൽ ആംബുലൻസ് കുടുങ്ങിയാൽ കുടുങ്ങിയതു തന്നെ.
ലിങ്ക് റോഡ്–പഴയബസ് സ്റ്റാൻഡ് ഭാഗത്തു നിന്നു വില്യാപ്പള്ളിയിലേക്കും മേമുണ്ട ആയഞ്ചേരിയിലേക്കും ഉള്ള ബസുകൾ ഉൾപ്പെടെ ലിങ്ക് റോഡ് ജംക്‌ഷനിൽ നിന്ന് ആശുപത്രി റോഡിലൂടെയാണ് പോകുന്നത്. അതിനാൽ ലിങ്ക് റോഡ് ജംക്‌ഷനിൽ ഏതു സമയവും വലിയ തിരക്കും ഗതാഗതക്കുരുക്കുമാണ്. ലിങ്ക് റോഡിലും മാർക്കറ്റ് റോഡിലും വൺവേ എടുത്ത് കളഞ്ഞ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയെങ്കിലും അതൊന്നും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല.