ഒപി ടിക്കറ്റ് ചാർജ്: മെഡിക്കൽ കോളജിൽ പ്രതിഷേധ മാർച്ചും ഉപരോധവും
Mail This Article
ചേവായൂർ∙ ഗവ. മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിനു 10 രൂപ ചാർജ് ഈടാക്കുന്നതിനെതിരെ ആശുപത്രിയിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു. ചർച്ചയിൽ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെ സൂപ്രണ്ട് ഇൻ ചാർജ് ഡോ.രഞ്ജിനിയെയാണ് പ്രവർത്തകർ ഉപരോധിച്ചത്. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്തിയ ആശുപത്രി വികസന സമിതിയുടെ നടപടി പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം പിൻവലിക്കും വരെ യൂത്ത് കോൺഗ്രസ് സമരം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് റിനേഷ് ബാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിബു, ടി.കെ.സിറാജുദ്ദീൻ, സി.വി.ആദിൽ അലി, ഋഷികേശ് അമ്പലപ്പടി, റബിൻലാൽ, മെഡിക്കൽ കോളജ് മണ്ഡലം പ്രസിഡന്റ് പ്രവീൺകുമാർ, അഭിജിത് ഉണ്ണികുളം, സലൂജ് രാഘവൻ, അരുൺ ശിവാനന്ദൻ, അരുൺ മലാപ്പറമ്പ്, ഷമീർ മാങ്കാവ് എന്നിവരുടെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചത്.യൂത്ത് ലീഗ് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പൊലീസ് അടഞ്ഞതിനെ തുടർന്ന് പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയോജകമണ്ഡലം പ്രസിഡന്റ് റിഷാദ് പുതിയങ്ങാടി, ജനറൽ സെക്രട്ടറി ഷൗക്കത്ത് മൂഴിക്കൽ, നിസാർ തോപ്പയിൽ എന്നിവർ നേതൃത്വം നൽകി.
രോഗികളുടെ തിരക്കിന് കുറവില്ല
തിങ്കളാഴ്ചകളിൽ സാധാരണ ഉണ്ടാകാറുള്ള തിരക്ക് ഇന്നലെയും അനുഭവപ്പെട്ടു. തിങ്കൾ, വെള്ളി ദിവസങ്ങളിൽ സാധാരണ എംസിഎച്ച് ഒപിയിൽ രണ്ടായിരത്തോളം രോഗികളാണ് ചികിത്സ തേടുന്നത്.ഇന്നലെയും അത്രയും പേർ എത്തി. സൂപ്പർ സ്‌പെഷ്യൽറ്റിയിൽ 1400 പേരും ചികിത്സതേടി. ഒപി ടിക്കറ്റിൽ വില രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ എഴുതി നൽകിയാണ് ആശുപത്രി വികസന സൊസൈറ്റി രോഗികളിൽനിന്ന് പണം ഈടാക്കിയതെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ പുതിയ ഒപി ടിക്കറ്റിൽ വില പ്രിന്റ് ചെയ്ത് നൽകുന്നുണ്ടെന്നും പഴയ ടിക്കറ്റുമായി രണ്ടാംതവണ വരുന്നവരിൽ നിന്നാണ് 10 രൂപ എഴുതി വാങ്ങുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ടിക്കറ്റിന് രണ്ടാഴ്ചയാണ് കാലാവധി. കാലാവധി കഴിഞ്ഞു ചികിത്സ തേടുന്നവർ വീണ്ടും 10 രൂപ നൽകണം.