'ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറി ആവർത്തിച്ചാൽ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരും'
Mail This Article
കോഴിക്കോട്∙ ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറികൾ മറ്റേതെങ്കിലും സഹകരണ ബാങ്കിൽ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് അട്ടിമറിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതു പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കും. അങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദിത്തം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കെതിരെ കൈയുയർത്തുന്ന പൊലീസുകാർക്ക് പെൻഷൻ ലഭിക്കാത്ത വിധത്തിലാക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. പോക്സോ കേസിലും കഞ്ചാവ് കേസിലും പണം വാങ്ങിയവനാണ് എസിപി ഉമേഷ്. അടുത്ത സമരം ഉമേഷിന്റെ വീടിന് മുമ്പിലാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അടുക്കളപ്പണി എടുക്കുന്നവരാണ് കോൺഗ്രസുകാരെ ആക്രമിക്കുന്നത് നോക്കിനിന്നത്. കോഴിക്കോട് കലക്ടർ വിവരം കെട്ട ഒരുത്തനാണ്. സിപിഎമ്മിന്റെ അടുക്കളപ്പണിയാണ് അയാളുടേതെന്നും പ്രവീൺകുമാർ ആരോപിച്ചു.
മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് മണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസിന് നേരെ കല്ലേറുമുണ്ടായി. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമായിരുന്നു കമ്മിഷണർ ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചത്. അതേ സമയം, മാർച്ചിനു നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.