രാജ്യാന്തര നിലവാരം, കോടികളുടെ വരുമാനം; പക്ഷേ, ഇരുന്നു കഴിക്കാനൊരു ഭക്ഷണശാലയില്ല !
Mail This Article
കോഴിക്കോട്∙ നിലവാരം രാജ്യാന്തരം, ദിവസവും ആയിരക്കണക്കിനു യാത്രക്കാർ, വരുമാനമോ കോടികൾ. പക്ഷേ, ഇരുന്നു കഴിക്കാനൊരു ഭക്ഷണശാലയില്ല! സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ പ്ലാറ്റ്ഫോമിലെ ഏക ഭക്ഷണശാലയുടെ ലൈസൻസ് പുതുക്കി നൽകാതെ പൂട്ടിയതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ അവസ്ഥ ഇതാണ്. 5 വർഷ കാലാവധിയുള്ള ലൈസൻസ് 2 വർഷം തികച്ചതോടെ ഈ മാസം 26ന് ആണു പ്രവർത്തനം റെയിൽവേ അവസാനിപ്പിച്ചത്. 3 വർഷം കാലാവധി ബാക്കി നിൽക്കുന്നതു ചൂണ്ടിക്കാട്ടി കരാറുകാരൻ കോടതിയെ സമീപിച്ച അവസരത്തിൽ ഭക്ഷണശാല പൊളിച്ചുനീക്കുകയും ചെയ്തു. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ റെയിൽവേ തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നത്.
ഒന്നാം പ്ലാറ്റ്ഫോമിൽ 3 ഫുഡ് പ്ലാസകളാണ് ഐആർസിടിസി അനുവദിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം ഒരു വർഷം മുൻപ് അടച്ചു. പിന്നീട് ഒരെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. അതിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ലഭിച്ചിരുന്നു. ആകെയുണ്ടായിരുന്ന ഭക്ഷണശാല പൂട്ടിയതോടെ യാത്രക്കാർ പ്ലാറ്റ്ഫോമിലെ സ്റ്റാളുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഒന്നാം പ്ലാറ്റ്ഫോമിൽ ആറും, നാലിൽ നാലും സ്റ്റാളുകളാണു പ്രവർത്തിക്കുന്നത്. അവയിലൂടെ കൂടുതൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നാണു റെയിൽവേ വിശദീകരിക്കുന്നത്. എന്നാൽ, ഇതു ഫലപ്രദമല്ലെന്നു യാത്രക്കാരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. സ്റ്റാളുകളിൽ ചോറ്, ചപ്പാത്തി, കറി, ദോശ തുടങ്ങിയ വിഭവങ്ങളൊന്നും ലഭ്യമല്ല. ബിരിയാണിയാണു ലഭിക്കുന്നത്.
പുതിയ ഭക്ഷണശാലയ്ക്ക് അനുമതി വരുന്നു
∙ 2–3 പ്ലാറ്റ്ഫോമുകളിലായി പുതിയ ഭക്ഷണശാലയ്ക്ക് ഐആർസിടിസി ലൈസൻസ് നൽകാനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. എന്നാൽ നടപടികൾക്കു കാലതാമസമുണ്ടാകും. ഐആർസിടിസി എറണാകുളം റീജനൽ ഓഫിസിൽ നിന്നാണു തീരുമാനം വരേണ്ടത്. അതിനു മാസങ്ങൾ വേണ്ടിവരും. റെയിൽവേ സ്ഥലം കണ്ടെത്തി അറിയിച്ചാൽ ലൈസൻസിന്റെ ടെൻഡർ നടപടികളിലേക്കു കടക്കുമെന്ന് ഐആർസിടി അധികൃതർ പറഞ്ഞു.