നിയന്ത്രണം തെറ്റിച്ച് സ്വകാര്യബസുകൾ; ജില്ലാ ആശുപത്രി റോഡിൽ കുരുക്ക്
Mail This Article
വടകര ∙ ദേശീയപാതയിൽ നിന്നു ജില്ലാ ആശുപത്രി റോഡ് വഴി വില്യാപ്പള്ളി, മേമുണ്ട റൂട്ടിലെ ബസുകൾ അനുമതിയില്ലാത്ത ഭാഗത്തു കൂടെ കടക്കുന്നത് ഗതാഗതക്കുരുക്കിനും വാഹനങ്ങൾ തമ്മിൽ ഉരസുന്നതിനും കാരണമാകുന്നു. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നു വരുന്ന ഈ റൂട്ടിലെ ബസുകൾ അടയ്ക്കാത്തെരു ജംക്‌ഷനിലൂടെയാണ് പോകേണ്ടത്. ദേശീയപാത നിർമാണം തുടങ്ങിയതു മുതൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂലം അടയ്ക്കാത്തെരു ജംക്‌ഷനും കടന്ന് കോഫി ഹൗസ് വഴി തെരു ഗണപതി ക്ഷേത്രം റോഡിനു സമീപത്തു കൂടെ ചുറ്റി വരണം.ഇത് ഒഴിവാക്കാൻ ബസുകൾ നോർത്ത് പാർക്കിനു മുൻപിലുള്ള റോഡിലൂടെ ജില്ലാ ആശുപത്രി റോഡിലേക്കു കടക്കുന്നു. വീതി കുറഞ്ഞ റോഡിന്റെ രണ്ടറ്റത്തും ഇതു കാരണം പ്രശ്നമാണ്.
ദേശീയപാത തുടങ്ങുന്ന ഭാഗത്ത് റോഡരികിലെ ഓവുചാൽ സ്ലാബിനു മുകളിലൂടെയാണ് ബസുകൾ കടന്നു പോകുന്നത്. ജില്ലാ ആശുപത്രി റോഡിലേക്കു കടക്കുന്ന ഭാഗത്ത് ബസ് കയറ്റാൻ കഷ്ടിച്ചു വീതിയേ ഉള്ളൂ. ഇവിടെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നതു കൊണ്ട് പലപ്പോഴും ബസും മറ്റു വാഹനങ്ങളും കുടുങ്ങിക്കിടക്കും.അനുമതിയില്ലാതെ ബസുകൾ വരുന്നതു തടഞ്ഞിട്ടും വീണ്ടും ഇതേ പാതയിലൂടെയാണ് ബസുകൾ വരുന്നതെന്ന് വാർഡ് കൗൺസിലർ പി.കെ.സി.അഫ്സൽ പറഞ്ഞു. പതിവായി ബസുകൾ കടന്നു പോകുന്നത് റോഡിന്റെ അരികു തകരാൻ കാരണമാകുന്നു. ട്രാഫിക് പൊലീസ് ഇടപടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.