ബേപ്പൂർ തുറമുഖ കപ്പൽച്ചാൽ ആഴം കൂട്ടും: പരിസ്ഥിതി ആഘാത പഠനം 6 മാസത്തിനകം
Mail This Article
ബേപ്പൂർ ∙ തുറമുഖ കപ്പൽച്ചാൽ ആഴം കൂട്ടുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം 6 മാസം കൊണ്ടു പൂർത്തിയാക്കുമെന്നു മന്ത്രി വി.എൻ.വാസവൻ. പഠന റിപ്പോർട്ട് ലഭ്യമായാൽ ആദ്യഘട്ടത്തിൽ കപ്പൽച്ചാൽ 7 മീറ്റർ ആഴം കിട്ടത്തക്ക വിധത്തിൽ ഡ്രജിങ് നടത്തുമെന്നും പിന്നീട് 10 മീറ്റർ ആഴമുണ്ടാകും വിധത്തിൽ രണ്ടാംഘട്ടം നടപ്പാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നു തുറമുഖം സന്ദർശിക്കാനെത്തിയ മന്ത്രി പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തെയാണ് പരിസ്ഥിതി ആഘാത പഠനം ഏൽപിച്ചത്. മന്ത്രി പി.രാജീവുമായി ചർച്ച നടത്തി സിൽക് ഭൂമി തിരിച്ചു വാങ്ങി തുറമുഖ വികസനത്തിനു പ്രയോജനപ്പെടുത്തും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷൈൻ എ.ഹഖ്, ഡപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ കെ.അശ്വനി പ്രതാപ്, പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാരിയർ, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, തുറമുഖ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി.അദീഷ്, അസിസ്റ്റന്റ് എൻജിനീയർ കെ.കെ.മെഹബൂബ് അലി, കൗൺസിലർമാരായ പി.രാജീവ്, എം.ഗിരിജ, ടി.രജനി, വാടിയിൽ നവാസ്, കൊല്ലരത്ത് സുരേശൻ, ടി.കെ.ഷമീന എന്നിവർ ഒപ്പമുണ്ടായിരുന്നു.