200 കോടി രൂപ അനുവദിച്ചതായി മന്ത്രി റിയാസ്; മീഞ്ചന്തയിലും ചെറുവണ്ണൂരിലും മേൽപാലങ്ങൾ
Mail This Article
കോഴിക്കോട് ∙ ജില്ലയിലെ ഏറ്റവും നീളമുള്ള മേൽപാലം മീഞ്ചന്തയിൽ നിർമിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഫ്രാൻസിസ് റോഡിൽ നവീകരിച്ച എകെജി മേൽപാലത്തിന്റെയും വൈദ്യുത ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മീഞ്ചന്ത, വട്ടക്കിണർ, അരീക്കാട് ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി മീഞ്ചന്തയിൽ മേൽപാലം വേണമെന്ന ആവശ്യത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വട്ടക്കിണറിൽ നിന്ന് തുടങ്ങി മീഞ്ചന്തയ്ക്കു മുകളിലൂടെ അരീക്കാട് എത്തുന്ന മേൽപാലം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ തുടങ്ങി ബേപ്പൂർ നിയോജകമണ്ഡലത്തിൽ അവസാനിക്കും.
മേൽപാലത്തിനായി ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങും. ഇതിനുപുറമേ ചെറുവണ്ണൂരിലും മേൽപാലം വരുന്നുണ്ട്. അവിടെ ഭൂമിയേറ്റെടുക്കൽ തുടങ്ങി. 2 മേൽപാലങ്ങൾക്കായി ആകെ 200 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. നഗരത്തിൽ പട്ടാളപ്പള്ളി, തളി ക്ഷേത്രം, സിഎസ്ഐ ചർച്ച്, ശ്രീകണ്ഠേശ്വര ക്ഷേത്രം, പുരാതന കെട്ടിടങ്ങൾ എന്നിവ സ്ഥിരമായി ദീപാലംകൃതമാക്കുന്ന പ്രവൃത്തിയും തുടങ്ങാൻ പോകുകയാണ്. അഹമ്മദ് ദേവർ കോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കൗൺസിലർമാരായ കെ.മൊയ്‌തീൻ കോയ, പി.മുഹ്സിന, പൊതുമരാമത്ത് (പാലം) എക്സിക്യൂട്ടീവ് എൻജിനീയർ സി.എസ്.അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി.ഷൈനി എന്നിവർ പ്രസംഗിച്ചു.