അത്യാഹിത വിഭാഗത്തിൽ അത്യാഹിതം: വടകര ജില്ലാശുപത്രിയിൽ ആവശ്യത്തിനു വീൽചെയറില്ല
Mail This Article
വടകര∙ ജില്ല ആശുപത്രി അത്യാഹിത വിഭാഗത്തിൽ വീൽചെയറുകളുടെ കുറവ് രോഗികളെ വലയ്ക്കുന്നു. വാഹനാപകടങ്ങളിലും മറ്റുമായി കൂടുതൽ പേർ എത്തുമ്പോൾ വീൽ ചെയറുകൾ ഇല്ലാത്തതിനാൽ എടുത്തു കൊണ്ടുപോകേണ്ടി വരുന്നു. 15 വീൽ ചെയറുകളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. സർക്കാർ അനുവദിച്ചതിന് പുറമേ വിവിധ സംഘടനകളും മറ്റും നൽകിയവയായിരുന്നു അവ. എന്നാൽ ഇപ്പോൾ 5 വീൽ ചെയറുകൾ മാത്രമാണ് ഉപയോഗയോഗ്യം. പലതും കാലപ്പഴക്കം മൂലം കേടായി.
അടിയന്തര ഘട്ടങ്ങളിൽ അത്യാഹിത വിഭാഗത്തിന് മുന്നിലെ റോഡിലൂടെ രോഗികളെയും വഹിച്ച് വീൽ ചെയറുകളും ട്രോളിയും കൊണ്ടു പോകേണ്ടി വരാറുണ്ട്. നിരപ്പില്ലാത്ത റോഡിലെ കുഴയിൽ വീണു വീലുകൾ കേടാകും. ട്രോളികളിൽ 4 എണ്ണം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വിവിധ അപകടങ്ങളിൽപെട്ട് എത്തുന്നവർക്കും ഗുരുതരാവസ്ഥയിലുളള രോഗികൾക്കും വയോധികരായ രോഗികൾക്കും വീൽ ചെയർ അത്യാവശ്യമാണ്. ഡോക്ടറെ കാണിച്ച് നിരീക്ഷണ വാർഡിലേക്ക് മാറ്റുന്നത് വരെയോ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ വാഹനത്തിൽ കയറ്റുന്നത് വരെയും വീൽചെയർ ആവശ്യമാണ്. വീൽ ചെയർ നൽകാൻ തയാറായ സന്നദ്ധ സംഘടനകൾ നഗരത്തിൽ ഒട്ടേറെയുണ്ട്. അവരുമായി ബന്ധപ്പെട്ടാൽ ലഭിക്കാൻ പ്രയാസമില്ലെന്ന് പൊതുപ്രവർത്തകൻ വി.പി.ഉസ്മാൻ പറഞ്ഞു.