ആറുവരിപ്പാതയുടെ സർവീസ് റോഡിന് സുരക്ഷാ ഭിത്തിയില്ല; രാമനാട്ടുകര അഴിഞ്ഞിലത്ത് ഭീഷണി
Mail This Article
രാമനാട്ടുകര ∙ അഴിഞ്ഞിലത്ത് ആറുവരിപ്പാത സർവീസ് റോഡിന്റെ കിഴക്കു ഭാഗത്ത് പാർശ്വ സുരക്ഷാ ഭിത്തി നിർമിക്കാത്തത് അപകട ഭീഷണി. അഴിഞ്ഞിലം മേൽപാലം മുതൽ ഭാരത് ബെൻസ് ഷോറൂം വരെയുള്ള ഭാഗത്ത് ഭിത്തിയില്ല. വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ താഴ്ചയിലേക്ക് പതിക്കും. അഴിഞ്ഞിലത്ത് ചാലി വയൽ പ്രദേശത്തു കൂടിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. റോഡിനു ഇരുവശത്തും വെള്ളക്കെട്ട് നിറഞ്ഞ ചതുപ്പ് പ്രദേശമാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അന്നപൂർണ ഹോട്ടൽ മുതൽ അഴിഞ്ഞിലം ജംക്‌ഷൻ വരെ റോഡിനു പടിഞ്ഞാറു ഭാഗത്ത് 3 അടി ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്.
എന്നാൽ സമാന സ്ഥിതിയിലുള്ള റോഡിന്റെ കിഴക്ക് വശത്തെ സർവീസ് റോഡ് ഇതുവരെ സുരക്ഷിതമാക്കിയിട്ടില്ല. ഭിത്തിയില്ലാത്ത മേഖലയിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാണ്. റോഡിന് പാർശ്വഭിത്തി നിർമിച്ചാൽ അപകട സാധ്യത ഒഴിവാക്കാനും മാലിന്യം ഒഴുക്കുന്നത് തടയാനും കഴിയുമെന്നു നാട്ടുകാർ പറഞ്ഞു.ഇക്കാര്യം സൂചിപ്പിച്ച് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകൾ ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നിർമാണ നടപടികൾ നീളുകയാണ്.