ജല അതോറിറ്റിയുടെ അനാസ്ഥ; കുടിവെള്ളം മുട്ടി മുക്കം ടൗൺ
Mail This Article
മുക്കം∙ ഒന്നര വർഷം പിന്നിട്ടിട്ടും ജല അതോറിറ്റി കനിയുന്നില്ല. മുക്കം ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാനില്ല. നിരാഹാര സമരം വരെ നടത്തിയിട്ടും പ്രശ്നപരിഹാരമില്ലാത്ത സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കളെയും ഉൾപ്പെടുത്തി നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. ജല അതോറിറ്റിയുടെ ഉന്നത അധികാരികളെ ഒട്ടേറെ തവണ സമീപിച്ചിട്ടും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി സമർപ്പിച്ചിട്ടും ഫലമില്ല. വെള്ളം കിട്ടാത്ത ഗാർഹിക ഉപയോക്താക്കളുടെ ഒപ്പു ശേഖരണം കൂടി നടത്തിയ ശേഷം ഹൈക്കോടതിയിലേക്ക് നീങ്ങും.
ഇതിനായി കമ്മിറ്റിയെ ജനറൽ ബോഡി ചുമതലപ്പെടുത്തിയതായി സമിതി പ്രസിഡന്റ് പി.അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി.അനീസ്, ട്രഷറർ ഡിറ്റോ തോമസ് എന്നിവർ പറഞ്ഞു. വെള്ളം ലഭിക്കാത്തതു മൂലം ഹോട്ടലുകളും കൂൾബാറുകളും പ്രതിസന്ധിയിലാണ്. വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് കടകൾ നടത്തുന്നത്. പിസി കവല മുതൽ ആലിൻ ചുവട്, ബസ് സ്റ്റാൻഡ് പരിസരം, ഓർഫനേജ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, എരിക്കഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ജല വിതരണമാണ് തടസ്സപ്പെട്ടത്. പ്രശ്നം എവിടെയാണെന്നു കണ്ടു പിടിക്കാൻ ഇതുവരെ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടില്ല.
മരാമത്ത് വകുപ്പിന് കീഴിൽ അടുത്ത കാലത്ത് നവീകരിച്ച റോഡുകൾ കുത്തിപ്പൊളിച്ചാൽ മാത്രമേ തകരാർ കണ്ട് പിടിക്കാൻ കഴിയൂ. ഇതിന് മരാമത്ത് വകുപ്പിനു ഭീമമായ തുക ജല അതോറിറ്റി കെട്ടി വയ്ക്കണം. ജല അതോറിറ്റിക്ക് ഫണ്ട് ലഭ്യത കുറവായതും പ്രശ്നം നീളാൻ കാരണമായി പറയുന്നു. പിസി കവല മുതൽ ആലിൻ ചുവട് ഭാഗങ്ങളിലേക്കു ജല വിതരണം വർഷങ്ങൾ പഴക്കമുള്ള വ്യാസം കുറഞ്ഞ പൈപ്പുകൾ വഴിയാണ്. ഇതും തകരാറിന് കാരണമാകുന്നു. പുതിയ പൈപ്പുകൾ സ്ഥാപിച്ചാലേ ജല വിതരണം കാര്യക്ഷമമായി നടത്താൻ കഴിയൂ.
അതേ സമയം, വെള്ളം ലഭിച്ചില്ലെങ്കിലും കുറേ മാസം ബിൽ കൃത്യമായി ലഭിച്ചിരുന്നെന്ന് ഉപയോക്താക്കൾ പറഞ്ഞു. വെള്ളം കിട്ടാതെ പണം അടയ്ക്കേണ്ട സാഹചര്യത്തിൽ പലരും കണക്ഷൻ വിഛേദിക്കാൻ എഴുതി നൽകി. ഇപ്പോൾ കുറച്ചു മാസമായി റീഡിങ് നടത്താൻ എത്താറില്ലെന്നും വ്യാപാരികളും ഗാർഹിക ഉപയോക്താക്കളും പറയുന്നു. വ്യാപാര ഭവനിലും ചില സർക്കാർ ഓഫിസുകളിലും വെള്ളമെത്തുന്നില്ല. ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വ്യാപാരി ഭാരവാഹികളും നഗരസഭ അധികാരികളുമായി ചർച്ചകൾ പലതും നടത്തിയെങ്കിലും പുരോഗതി മാത്രമില്ല.