വിറ്റ വാഹനത്തിന്റെ ആർസി ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ വായ്പത്തട്ടിപ്പ്
Mail This Article
കോഴിക്കോട്∙ വിറ്റ വാഹനത്തിന്റെ ആർസി മാറ്റാൻ അപേക്ഷ നൽകിയപ്പോൾ വെളിവായത് 20 ലക്ഷം രൂപയുടെ വായ്പത്തട്ടിപ്പ്. ഉടമസ്ഥാവകാശം മാറ്റാൻ ആർസി മോട്ടർ വാഹന വകുപ്പിൽ നൽകിയപ്പോഴാണ് ഇതേ വാഹനത്തിന്റെ ആർസി ഉപയോഗിച്ചു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 ലക്ഷത്തോളം രൂപ വായ്പയെടുത്തതായി കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ ആർടിഒ ഓഫിസിൽ നൽകിയ ആർസി വ്യാജമെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനു കോഴിക്കോട് ആർടിഒ പി.എ.നസീർ നടക്കാവ് പൊലീസിനു പരാതി കൈമാറി.
സൗത്ത് ബീച്ച് സ്വദേശിയുടെ 30 ലക്ഷത്തോളം വിലവരുന്ന കാറിനാണ് 2 ആർസി കണ്ടെത്തിയത്. ഒന്നര വർഷം മുൻപ് 29 ലക്ഷം രൂപ നൽകി വാങ്ങിയ കാറിന്റെ ആർസിയും അനുബന്ധ രേഖകളും രണ്ടു താക്കോൽ എന്നിവയും കാർ വാങ്ങിയ സൗത്ത് ബീച്ച് സ്വദേശിക്കു ആദ്യ ഉടമ നൽകിയിരുന്നു. തുടർന്നു 2 മാസം മുൻപാണ് ആർസി മാറ്റാൻ ആർടിഒയിൽ അപേക്ഷ നൽകിയത്. എന്നാൽ മോട്ടർ വാഹന വകുപ്പിൽ ഓൺലൈനിലുള്ള ആർസി വ്യാജമാണെന്നു കണ്ടെത്തി.
കാർ വാങ്ങിയ ആൾ ആദ്യ ഉടമയെ ബന്ധപ്പെട്ടു. മാസങ്ങൾക്കു മുൻപ് കാർ വിൽക്കാൻ ഇടനിലക്കാരനായി നിന്ന വെള്ളയിൽ സ്വദേശി തന്നെ സമീപിക്കുകയും മൊബൈൽ ഫോണിൽ വന്ന ഒടിപി നമ്പർ ആവശ്യപ്പെടുകയും ചെയ്തതായി അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പു മനസ്സിലായത്. ഈ വാഹനത്തിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു മറ്റൊരു ആർസി വച്ച് 20 ലക്ഷം രൂപ ഇയാൾ മുഖേന വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. നടക്കാവ് പൊലീസ് പരാതിക്കാരനിൽ നിന്നു ഇന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.