മഹാരാഷ്ട്ര ദേശീയ സാംസ്കാരിക വിനിമയ യാത്രാ സംഘം മേപ്പയ്യൂർ സ്കൂളിൽ
Mail This Article
മേപ്പയൂർ∙ ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം - ഒരു വിദ്യാലയം ഗാന്ധിയുടെ ആത്മകഥ വായിക്കുന്നു’ എന്ന 106 ദിവസം നീണ്ടു നിന്ന ഗാന്ധി വായനാ പരിപാടി നടത്തുകയും പുസ്തകമാക്കി പുറത്തിറക്കുകയും ചെയ്ത മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് സാനേ ഗുരുജി സ്മാരക സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ സാംസ്കാരിക വിനിമയ യാത്രാ സംഘമെത്തി. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. സഞ്ജയ് മംഗൾ ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. അവർക്കൊപ്പം വയനാട് ഗോത്രദീപം ഗ്രന്ഥാലയത്തിന്റെ ആദിവാസി നൃത്തസംഘം കൂടി എത്തിയിരുന്നു.
ഗാന്ധിയുടെ ഉപ്പുസത്യാഗഹ സമരത്തിൽ ആകൃഷ്ടനായി സ്വാതന്ത്ര്യ സമരത്തിലേക്ക് അണിചേർന്നയാളാണ് മറാഠി സാഹിത്യത്തിൽ ജനപ്രീതി നേടിയ നിരവധി കഥകളെഴുതിയ സാനേ ഗുരുജി. 2024 ഡിസംബർ 24 സാനേ ഗുരുജിയുടെ 125-ാം ജന്മദിനമാണ്. ഇതിന്റെ ഭാഗമായാണ് സാംസ്കാരിക വിനിമയ യാത്ര നടത്തുന്നത്. ആദിവാസികളുടെ പരമ്പരാഗത കലാവിഷ്കാരങ്ങളായ വട്ടക്കളി, കോൽക്കളി, കമ്പളനാട്ടി, നാടൻപാട്ട്, മറാഠിയിലും ഹിന്ദിയിലുമുള്ള ദേശഭക്തിഗാനങ്ങൾ എന്നിവയുടെ അവതരണവുമുണ്ടായി.
മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഡോ. സഞ്ജയ് മംഗൾ ഗോപാൽമുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് വി.പി.ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സി.എം.ഷാജു ആമുഖാവതരണം നടത്തി. എൻഎസ്എസ് ലീഡർ അനൻ സൗരെ ഭരണഘടനയുടെ ആമുഖം വായിച്ചു. വിജയരാഘവൻ ചേലിയ, സീരത് സത്പുരെ, ബാബാസാഹെബ് മെഹ്‌ബൂബ് നെതാഫ്, മാധുരി പാട്ടീൽ, സി.വി.സജിത്, മിഥുൻ ചന്ദ്ര എന്നിവർ പ്രസംഗിച്ചു.