ടയർ കടയിൽ മോഷണം: യുവാവ് പിടിയിൽ
Mail This Article
ഒളവണ്ണ∙ കുന്നത്തുപാലം ഒളവണ്ണ ജംക്‌ഷനു സമീപമുള്ള ടയർ കടയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. ചാത്തമംഗലം സ്വദേശി അമർജിത്ത് (21) ആണ് വെള്ളിയാഴ്ച പുലർച്ചെ പാലാഴി പാൽകമ്പിനിക്ക് സമീപം പിടിയിലായത്. ഡിസംബർ ഒന്നിന് പുലർച്ചെയാണ് കടയിൽ നിന്നും 10,000 രൂപ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫറോക്ക് ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷണ ശേഷം ജില്ലയ്ക്ക് പുറത്തുള്ള രഹസ്യകേന്ദ്രത്തിലേക്ക് ഒളിവിൽ പോയ പ്രതി പിന്നീട് ചാത്തമംഗലത്തുള്ള വീട്ടിലേക്ക് വരാതെ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വാഹന മോഷണത്തിനും പിടിച്ചുപറിക്കും പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും നല്ലളം ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ നല്ലളം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നല്ലളം പൊലീസ് സ്റ്റേഷൻ എസ്ഐ പി.ദിലീപ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ അരുൺകുമാർ മാത്തറ, അനൂജ് വളയനാട്, ഐ.ടി.വിനോദ്, മധുസൂദനൻ മണക്കടവ്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, നല്ലളം സ്റ്റേഷനിലെ സീനിയർ സിപിഒ സജീഷ്, സിപിഒ റെജിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.