മംഗളൂരുവിൽ വെന്റിലേറ്ററിലായിരുന്ന രോഗിക്കു കോഴിക്കോട്ടെത്തിച്ച് ചികിത്സ
Mail This Article
കോഴിക്കോട്∙ മംഗളൂരു ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന രോഗിയെ കോഴിക്കോട്ടെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയതിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു. വൈറൽ ന്യുമോണിയ ബാധിച്ച യുവതി ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലായിരുന്നു.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന ജീവൻരക്ഷാ സാങ്കേതികവിദ്യയായ എക്‌മോ വഴിയാണ് ചികിത്സ ഫലപ്രദമാക്കിയത്. മേയ്ത്ര ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ. ബി.എസ്.മഹേഷിന്റെ നേതൃത്വത്തിൽ ഡോ. ഷബീർ അലി, എ.അരുൺ, കെ.പി.ശ്യാം പ്രസാദ്, ആകാശ് റെജി, ലിനു സ്‌കറിയ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ദൗത്യം ഏറ്റെടുത്തത്.
മംഗളൂരു ആശുപത്രിയിൽ എത്തിയ സംഘം രോഗിയുമായി വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ റോഡ് മാർഗം കോഴിക്കോട്ടെത്തി. ജീവൻരക്ഷാ യന്ത്രങ്ങളുടെ സഹായത്തിൽ കഴിയുന്ന രോഗിയെ 220 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് എത്തിക്കുകയെന്നതു വെല്ലുവിളിയായിരുന്നു. വാഹനത്തിന്റെ വേഗത്തിലെ ഏറ്റക്കുറച്ചിൽ രോഗിയുടെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയായിരുന്നു.
പൊലീസുമായി ബന്ധപ്പെട്ട് കേരള എമർജൻസി ടീമിന്റെ സഹായത്തോടെ പ്രത്യേക നിയന്ത്രണങ്ങളോടെയാണ് രോഗിയെ കോഴിക്കോട്ട് എത്തിച്ചത്. മേയ്ത്ര ആശുപത്രിയിൽ ചികിത്സ നൽകിയതിനെ തുടർന്ന് സാവധാനം അതിഗുരുതരാവസ്ഥ തരണം ചെയ്തു. 2 ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായി. യുവതി വീട്ടിലേക്ക് മടങ്ങിയതായി മേയ്ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി.ചെറിയാൻ പറഞ്ഞു.