വഴിയിലെ കുരുക്ക് ഒഴിയുന്നില്ല
Mail This Article
ബാലുശ്ശേരി ∙ വാഹന പെരുപ്പവും വീതി കുറഞ്ഞ റോഡും കാരണം ടൗൺ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു. രാവിലെയും വൈകിട്ടും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവാണ്. ബ്ലോക്ക് റോഡ് ജംക്‌ഷൻ മുതൽ അറപ്പീടിക വരെ ഇരു വശങ്ങളിലും വാഹനങ്ങൾ കുടുങ്ങുന്നു. ആംബുലൻസുകളും അഗ്നിരക്ഷാ വാഹനങ്ങളും കുരുക്കിൽ അകപ്പെടാറുണ്ട്. ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബൈപാസ് പദ്ധതി എങ്ങുമെത്തിയിട്ടില്ല. കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയും മറ്റു റോഡുകളും ചേരുന്നതാണ് ബാലുശ്ശേരി ടൗൺ.ടൗണിലെ ഗതാഗത കുരുക്ക് കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2.4 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് അലൈൻമെന്റ് തയാറാക്കിയത്. എന്നാൽ സർവേ നടപടികൾ പൂർത്തിയാക്കാനായില്ല.
ബൈപാസ് പദ്ധതിക്കായി നേരത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു.വലിയ ലോറികളും മറ്റും ടൗണിലൂടെ കടന്നുപോകുന്നതാണ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ബൈപാസ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.ടൗണിനു സമീപമുള്ള റോഡുകൾ നവീകരിച്ച് ബദൽ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംസ്ഥാന പാതയുടെ ഇരു ഭാഗത്തേക്കും കോഴിക്കോട് റോഡിലേക്കും ഇത്തരം പാതകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും ആ വഴിക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടില്ല.