പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ്: സമരത്തിന് പരിഷത്ത് പിന്തുണ
Mail This Article
ചേളന്നൂർ∙ കണ്ണങ്കര പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് പ്രദേശം ശാസ്ത്രസാഹിത്യ പരിഷത്ത് സംഘം സന്ദർശിച്ചു. സമരം നടത്തുന്ന നാട്ടുകാർക്ക് പരിഷത്ത് പിന്തുണ പ്രഖ്യാപിച്ചു. 8 മാസത്തിലേറെയായി പ്രദേശത്ത് വൻതോതിൽ മണ്ണ് ഖനനം നടത്തിയിരുന്നു. കുന്നിന്റെ ശേഷിക്കുന്ന ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. മഴ പെയ്യുമ്പോൾ ഇളകിയ മണ്ണ് മുഴുവൻ ഒഴുകി റോഡിലും സമീപത്തെ വീടുകളിലും എത്തിച്ചേർന്നതിനാൽ വൻ ദുരിതമാണ് അനുഭവിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. ജില്ലാ പരിസര, വികസന സമിതി ചെയർമാനും സിഡബ്ല്യുആർഡിഎം മുൻ സയന്റിസ്റ്റുമായ ഇ.അബ്ദുൽ ഹമീദ്, കൺവീനർ ടി.സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ബിജു, ഹരീഷ് ഹർഷ, കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ.സതീഷ്, മേഖലാ പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി എം.വി.സുരേഷ് തുടങ്ങിയവരാണ് സ്ഥലത്തെത്തിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജനകീയ സമര സമിതി ചെയർമാനുമായ പി.സുരേഷ് കുമാർ, കോഓർഡിനേറ്റർ പി.പ്രദീപ് കുമാർ, എം.ബവിത, എം.ശ്രീജ ഗിരിജാഭായ്, എം.നിഥിൻ എന്നിവരുമായി ചർച്ച നടത്തി.