ADVERTISEMENT

എലത്തൂർ  ∙ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണ പ്ലാന്റിൽ വീണ്ടും ഇന്ധനച്ചോർച്ച. ഇന്നലെ രാവിലെ 10ന് ആണു സംഭരണ കേന്ദ്രത്തിന് വടക്കുവശത്തെ ഓടയിൽനിന്നു ചെറിയതോതിൽ ഇന്ധനം ചോർന്നത്.  സ്ഥലത്തുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥർ വ്യാഴാഴ്ച ചോർച്ച ഉണ്ടായ ഓടയിലെ 2 കോൺക്രീറ്റ് സ്ലാബുകൾ തുറന്നെങ്കിലും ചോർച്ച കണ്ടെത്താനായില്ല. സംഭരണ കേന്ദ്രത്തിന്റെ വടക്കുവശത്തെ മതിലിനോടു ചേർന്നുള്ള മണ്ണിൽ ഇന്ധനം കലർന്നതിനാൽ അത് ചെറിയതോതിൽ പുറത്തേക്ക് വരുന്നുണ്ട്. കഴിഞ്ഞദിവസം ചോർച്ച പൂർണമായും നിയന്ത്രണ വിധേയമാക്കി എന്നാണ് കമ്പനി അറിയിച്ചിരുന്നത്. അതിനിടെ, പ്ലാന്റിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും. 4 മീറ്റർ ആഴത്തിൽ ഏഴോളം ഭൂഗർഭ അറകളാണു സംഭരണ കേന്ദ്രത്തിലുള്ളത്. ഈ സംഭരണികളിലെ ഇന്ധനം മാറ്റി ചോർച്ചയുണ്ടോ എന്ന് പരിശോധിക്കും. ഈ പരിശോധന പ്രദേശത്തെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആരോഗ്യ- റവന്യു-കോർപറേഷൻ ഉദ്യോഗസ്ഥർ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിലെ (സിഡബ്ല്യുആർഡിഎം) ശാസ്ത്രജ്ഞ വി.എസ്.ചിത്രയുടെ നേതൃത്വത്തിലുള്ള സംഘം എലത്തൂരിലെ മാട്ടുവയിൽ പ്രദേശത്ത് എത്തി  ഇന്ധനം കലർന്ന ജലാശയങ്ങളിൽനിന്നു പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു.കമ്പനിയുടെ കണക്ക് അനുസരിച്ച് 600 ലീറ്റർ വെള്ളം കലർന്ന 2000 ലീറ്റർ ഡീസലാണ് ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ നിന്നു ചോർന്നത്. എന്നാൽ, അനൗദ്യോഗിക കണക്ക് പ്രകാരം 5000 ലീറ്ററിലേറെ ഡീസൽ ചോർന്നിട്ടുണ്ട്. ചോർച്ച തുടങ്ങിയ 4 മണി മുതൽ വൈകിട്ട് 6 വരെ ഇത് ജലാശയങ്ങളിലേക്ക് ഒലിച്ചു.

സിഡബ്ല്യുആർഡിഎമ്മിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തോട്ടിലെ വെള്ളം ശേഖരിക്കുന്നു
സിഡബ്ല്യുആർഡിഎമ്മിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തോട്ടിലെ വെള്ളം ശേഖരിക്കുന്നു

ആറരയ്ക്ക് ശേഷമാണു കമ്പനി ഡീസൽ ശേഖരിക്കാൻ നടപടി തുടങ്ങിയത്. തോടുകളിൽ ലീറ്റർ കണക്കിന് ഡീസൽ ആണ് കെട്ടിക്കിടന്നത്. മാട്ടുവയലിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ കുളത്തിൽ നിറയെ ഡീസൽ പരന്നു. തോടുവഴി ഇത് കോരപ്പുഴ അഴിമുഖത്ത് എത്തിയതായും നാട്ടുകാർ പറഞ്ഞു. കടലിലേക്ക് ഒഴുകിവന്ന ഇന്ധനം കല്ലുമ്മക്കായകളുടെ വളർച്ചക്ക് ഭീഷണിയാകുമോ എന്നും  തൊഴിലാളികൾക്ക് ആശങ്കയുണ്ട്. വ്യാഴാഴ്ച രാത്രി മഴ പെയ്തതോടെ, തോടുകളിൽ കെട്ടിക്കിടന്ന ഇന്ധനം കലർന്ന വെള്ളം കടലിലേക്ക് എത്താനും കാരണമായി.

സംഭരണ കേന്ദ്രം പൂട്ടണം;സർവകക്ഷി കൂട്ടായ്മ
∙ ജനവാസ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രം അടച്ചുപൂട്ടണമെന്നു സർവകക്ഷി കൂട്ടായ്മ. സ്റ്റോപ് മെമ്മോ നൽകി സ്ഥാപനം ഉടൻ അടച്ചുപൂട്ടണമെന്നു സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. എലത്തൂർ അങ്ങാടിയിൽ നിന്നു തുടങ്ങിയ മാർച്ച്  സംഭരണകേന്ദ്രത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് യു.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എം.മനോഹരൻ, ഒ.പി.ഷിജിന എന്നിവർ നേതൃത്വം നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.വി.നിർമലൻ, ടി.പി. വിജയൻ, ഷൈജു പുത്തലത്ത്, എ.അനിൽകുമാർ, എ.കെ.മുസ്തഫ, ഷിബു ചന്ദ്രോദയം എന്നിവർ പ്രസംഗിച്ചു.

ഡീസൽ കലർന്ന തോടുകളിൽ രാസവസ്തു തളിക്കുന്ന ജീവനക്കാരൻ.
ഡീസൽ കലർന്ന തോടുകളിൽ രാസവസ്തു തളിക്കുന്ന ജീവനക്കാരൻ.

ഡീസൽ പടർന്ന തോടുകളിൽ രാസവസ്തു സ്പ്രേ ചെയ്തു 
∙ മുംബൈയിൽ നിന്ന് എത്തിച്ച രാസവസ്തു രാവിലെ ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരിയുടെ നേതൃത്വത്തിൽ റവന്യു- ആരോഗ്യ വകുപ്പുകളുടെ സാന്നിധ്യത്തിൽ ഡീസൽ പടർന്ന തോടുകളിൽ കമ്പനി ജീവനക്കാർ സ്പ്രേ ചെയ്തു. ഡീസലിനെ ചെറിയ തുള്ളികളായി ജൈവവിഘടനം നടത്തുന്ന രാസവസ്തുവാണു തോടുകളിൽ തളിച്ചത്. നിറമില്ലാത്ത കടൽ വെള്ളത്തിലും ശുദ്ധജലത്തിലും പൂർണമായും ലയിക്കുന്ന രാസവസ്തു ആണ് കമ്പനി ഉപയോഗിച്ചത്. അതിനാൽ വലിയ പാർശ്വഫലങ്ങൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാസവസ്തു തളിച്ചതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്ന പോലെ കമ്പനി കബളിപ്പിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 50 ലീറ്റർ ചെറിയ ബാരൽ രാസവസ്തുവാണ് എത്തിച്ചത്. എന്നാൽ, പ്രദേശത്തെ ജലാശയങ്ങളിൽ ഇത് തളിക്കാൻ കൊണ്ടുവന്നത് വാഹനത്തിൽ 4 വലിയ ഇരുമ്പ് ബാരലുകൾക്ക് ഒപ്പമാണ്. വാഹനത്തിൽ കൊണ്ടുവന്ന ബാരലുകൾ നാട്ടുകാർ പരിശോധിച്ചപ്പോൾ ശൂന്യമായിരുന്നു. കബളിപ്പിക്കാൻ ആണ് കമ്പനി ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

English Summary:

A fuel leak has been reported again at Hindustan Petroleum's storage plant in Elathur, Kerala, causing concern among locals and prompting further investigation. While the company claims the leak is contained, fuel continues to seep from the contaminated soil.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com