കാലമേറെയായില്ലേ? കാലംപാറയുടെ ജീവന് വിലയില്ലേ?
Mail This Article
കോടഞ്ചേരി∙ 2018ലെ പ്രളയക്കെടുതിയിൽ തകർന്ന മുണ്ടൂർ കാലംപാറ തൂക്കുപാലം പുതുക്കിപ്പണിയാൻ നടപടി വൈകുന്നു. ഇരുവഞ്ഞിപ്പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിലാണ് തൂക്കുപാലത്തിന്റെ നടുഭാഗം തകർന്ന് ഒടിഞ്ഞു തൂങ്ങിയത്. 2016ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ 16 ലക്ഷം രൂപ അനുവദിച്ച് നിർമിച്ചതാണ് 100 മീറ്റർ നീളമുള്ള കാലംപാറ തൂക്കുപാലം. അപകടാവസ്ഥയിലായ പാലത്തിലൂടെ കുട്ടികളും മറ്റു യാത്രക്കാരും സാഹസികമായി ഇപ്പോൾ യാത്ര ചെയ്യുന്നുണ്ട്. തൂക്കുപാലത്തിന്റെ കോൺക്രീറ്റ് തൂണുകൾക്കും ഇരുമ്പ് റോപ്പിനും കേടുപാടു സംഭവിച്ചിട്ടില്ല. ഇരുമ്പ് റോപ്പിൽ തൂങ്ങി നിൽക്കുന്ന, നടന്നു പോകാനുള്ള ഫ്ലാറ്റ്ഫോമുകളാണു തകർന്ന് ഒടിഞ്ഞു തൂങ്ങിയത്.നാരങ്ങത്തോട്, മുണ്ടൂർ കാട്ടിപ്പൊയിൽ, കൂരോട്ടുപാറ പ്രദേശത്തുളളവർക്ക് കുറഞ്ഞ ദൂരത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗമാണ് കാലംപാറ തൂക്കുപാലം.
ഈ പ്രദേശങ്ങളിൽ നിന്നു കുട്ടികൾ ആനക്കാംപൊയിൽ, തിരുവമ്പാടി പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്നതും ഈ പാലത്തിലൂടെയാണ്.2018ൽ ചാപ്ലിപുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പൂർണമായും തകർന്ന പുളിമൂട്ടിൽ കടവ് കോൺക്രീറ്റ് നടപ്പാലം പുതുക്കി പണിയുന്നതിനും നടപടി ഉണ്ടായിട്ടില്ല. കോടഞ്ചേരി– വൈദ്യരുപടി–പുളിമൂട്ടിൽക്കടവ്–തോട്ടുമുഴി–പുല്ലൂരാംപാറ റോഡിലാണ് പൂർണമായും തകർന്ന പുളിമൂട്ടിൽകടവ് നടപ്പാലം ഉണ്ടായിരുന്നത്. 2018ലെ പ്രകൃതിക്ഷോഭത്തിൽ ചാലിപ്പുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന പുലിക്കയം പുളിക്കൽപ്പടി തൂക്കുപാലം പുനർനിർമിക്കാനും നടപടി ഇല്ല.