കോഴിക്കോട് രണ്ടു വർഷമായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം; പന്തീരാങ്കാവിൽ രണ്ടാം മേൽപാലവും തുറന്നു
Mail This Article
കോഴിക്കോട് ∙ രാമനാട്ടുകര – വെങ്ങളം ദേശീയപാതയിലെ ഏറ്റവും വലിയ മേൽപാലത്തിന്റെ ഇരുഭാഗവും ഗതാഗതത്തിനു തുറന്നുകൊടുത്തു. ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലത്തിലെ രണ്ടാം ഭാഗം വെള്ളിയാഴ്ച രാവിലെയാണു തുറന്നത്. കണ്ണൂർ ഭാഗത്തേക്കുള്ള 3 വരി മേൽപാലം രണ്ടാഴ്ച മുൻപ് തുറന്നിരുന്നു. രാമനാട്ടുകര ഭാഗത്തേക്കുള്ളതാണ് ഇപ്പോൾ തുറന്നത്.
696 മീറ്റർ നീളമുള്ള ഈ പാലമാണ് രാമനാട്ടുകര– വെങ്ങളം ദേശീയപാതയിലെ ഏറ്റവും നീളം കൂടിയത്. ഇരുഭാഗത്തേക്കും 13.5 മീറ്റർ വീതമാണു വീതി. രാമനാട്ടുകര – വെങ്ങളം റൂട്ടിൽ 7 മേൽപാലങ്ങളാണു നിർമിക്കാനുണ്ടായിരുന്നത്. അതിൽ 5 എണ്ണം തുറന്നു. രാമനാട്ടുകര, അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, തൊണ്ടയാട് എന്നിവയാണ് തുറന്നവ.
പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിലെ മേൽപാലങ്ങളാണു തുറക്കാൻ ബാക്കി. ഇവ ഫെബ്രുവരിയോടെ തുറക്കാനാകുമെന്നാണു പ്രതീക്ഷ. ഹൈലൈറ്റ് മാളിനു മുന്നിലെ മേൽപാലം തുറന്നതിനോടൊപ്പം നേരത്തെയുണ്ടായിരുന്ന പാലാഴി റോഡും പൂർവസ്ഥിതിയിൽ തുറന്നു. നഗരത്തിലേക്കുള്ള ഈ റോഡ് മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഭാഗികമായി അടച്ചിരുന്നു. ഇതോടെ കഴിഞ്ഞ 2 വർഷമായി ഈ ഭാഗത്ത് ഉണ്ടായിരുന്ന ഗതാഗതക്കുരുക്കഴിഞ്ഞു.