‘തിരികെ പോകാൻ പറ്റിയ സാഹചര്യമല്ല’: പൊലീസിന്റെ ഇടപെടലിൽ വഴങ്ങി; ഒരു വർഷമായി കാണാതായ മകൻ രാത്രി കൺമുന്നിൽ
Mail This Article
നാദാപുരം ∙ വെളിച്ചം മുടങ്ങിയ ഇടങ്ങളിലെല്ലാം വെളിച്ചമെത്തിക്കാനുള്ള ഓട്ടത്തിനിടയിലും കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായ കല്ലാച്ചിയിലെ പാലാഞ്ചോല കൊയിലോത്ത് രാജൻ തിരഞ്ഞിരുന്നത് ഒരു മുഖം മാത്രം – മകൻ ഋഷിരാജിനെ(27). ഷാർജയിൽ ജോലിക്കു പോയ ശേഷം ഒരു വർഷമായി ഒരു വിവരവുമില്ലാതിരുന്ന മകനോട് സാമ്യമുള്ള ആരെയെങ്കിലും കണ്ടാൽ രാജൻ സൂക്ഷിച്ചു നോക്കും. ഒടുവിൽ, ടൗൺ പൊലീസിൽ നിന്നുള്ള ഫോൺ വിളിയോടെ ആ കാത്തിരിപ്പിന് ഇന്നലെ വിരാമമായി. കഴിഞ്ഞ രാത്രി ടൗൺ പൊലീസിന്റെ പട്രോളിങ്ങിലാണു കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ട ഋഷിരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. സ്വദേശം കല്ലാച്ചിയാണെന്ന് അറിഞ്ഞതോടെ ഇയാളുടെ അയൽവാസിയുടെ ഫോൺ നമ്പർ പൊലീസ് സംഘടിപ്പിച്ചു. തുടർന്നാണ് പിതാവ് രാജനെ വിളിച്ച് മകൻ സുരക്ഷിതനായി പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് അറിയിക്കുന്നത്.
നോർക്ക, മുഖ്യമന്ത്രി, പൊലീസ് എന്നിവർക്കെല്ലാം പരാതി നൽകി പ്രതീക്ഷയറ്റ രാജൻ, മകൻ കോഴിക്കോട്ട് ഉണ്ടെന്ന് അറിഞ്ഞതോടെ അർധരാത്രി കുതിച്ചെത്തി. ടൗൺ എസ്ഐ മുരളീധരൻ, എഎസ്ഐമാരായ ബിജു മോഹൻ, വിജയമോഹൻ, സിപിഒമാരായ ഉല്ലാസ്, പ്രജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് ഋഷിരാജിനെ കണ്ടെത്തിയതും രാജനു കൈമാറിയതും. 5 വർഷം മുൻപാണു ഋഷിരാജ് ജോലിക്കു പോയത്. ഒരു വർഷം മുൻപ് വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് അവിടെ നിന്നു നാട്ടിലേക്ക് തിരിച്ചയച്ചു.
മുംബൈ, ചെന്നൈ, പാലക്കാട് എന്നിവിടങ്ങളിൽ കൂലിപ്പണി ചെയ്തു കഴിഞ്ഞ ഋഷിരാജ് കോഴിക്കോട്ട് എത്തിയെങ്കിലും വീട്ടുകാരുമായി ബന്ധപ്പെട്ടില്ല. തിരികെ പോകാൻ പറ്റിയ സാഹചര്യമല്ലെന്ന് ഋഷിരാജ് അറിയിച്ചെങ്കിലും പൊലീസിന്റെ സ്നേഹപൂർണമായ ഇടപെടലിൽ വഴങ്ങി. വീട്ടിലെത്തി, കുടുംബാംഗങ്ങളെയെല്ലാം കണ്ടതും വിതുമ്പൽ അടക്കാനാകാതെ ഋഷിരാജ് ഏറെ പാടു പെട്ടു. അമ്മ സജനയും സഹോദരി ദൃശ്യയും വീട്ടിൽ നിന്ന് അണഞ്ഞു പോയെന്നു കരുതിയ വെളിച്ചം തിരികെക്കിട്ടിയ സന്തോഷത്തിലായിരുന്നു.