പെരിന്തൽമണ്ണ സ്വർണക്കവർച്ച: കുഴൽപണ സംഘാംഗം പിടിയിൽ
Mail This Article
പെരിന്തൽമണ്ണ ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ച് 3.2 കിലോ സ്വർണം കവർന്ന കേസിൽ ഒരാളെക്കൂടി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപണക്കടത്തു സംഘാംഗവും കോഴിക്കോട് അഴിയൂർ കോരോത്ത് റോഡ് സ്വദേശിയുമായ പുതിയോട്ട് താഴെകുനിയിൽ ശരത്തിനെ (27) ആണ് ഒളിവിൽ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ശരത്തിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ 14 കേസുകളുണ്ട്.
പിടിയിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കണ്ണൂർ, വിരാജ്പേട്ട എന്നിവിടങ്ങളിലുള്ള, ശരത്തിന്റെ സംഘത്തിലുൾപ്പെട്ട ചിലരെക്കുറിച്ചുള്ള സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതോടെ ഒളിവിൽ പോയ ശരത്ത് പത്തനംതിട്ടയിലും കണ്ണൂരിലും ഒളിവിൽ കഴിഞ്ഞ ശേഷം ബെംഗളൂരുവിലേക്കു കടക്കുകയായിരുന്നു. കഴിഞ്ഞ 21ന് രാത്രി എട്ടരയോടെയാണു പെരിന്തൽമണ്ണയിൽ കടയടച്ചു വീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്ന കെഎം ജ്വല്ലറിയുടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറുകൊണ്ട് ഇടിച്ചിട്ടു മാരകമായി പരുക്കേൽപിച്ച് സംഘം സ്വർണം കവർന്നത്.