കണാതായ യുവതിയെയും മകളെയും ഡൽഹിയിൽ നിന്നു കണ്ടെത്തി
Mail This Article
മാവൂർ ∙ മാവൂരിൽ നിന്നു കാണാതായ ഭർതൃമതിയായ യുവതിയെയും ആറു വയസ്സുകാരിയായ മകളെയും ഡൽഹിയിൽ നിന്നു കണ്ടെത്തി മാവൂർ പൊലീസ്. കഴിഞ്ഞ 3നാണു യുവതിയെയും കുഞ്ഞിനെയും കാണാതായ പരാതി ലഭിച്ചത്. മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തി. യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പൊലീസ് മനസ്സിലാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചെങ്കിലും വിവരങ്ങൾ കിട്ടിയില്ല. യുവതിയും സുഹൃത്തും നിലവിലെ ഫോണുകളും, സിം കാർഡുകളും ഉപേക്ഷിച്ചാണു സഞ്ചരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
യുവതിക്കൊപ്പമുള്ള സുഹൃത്തിന്റെ മുൻകാല ഫോൺ കോളുകളും നൂറുകണക്കിന് ഫോൺ നമ്പറുകളും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു യുവാവ് ഡൽഹി വിമാനത്താവളത്തിൽ നിന്നു ഹൈദരാബാദിലേക്ക് യാത്ര ചെയ്യാൻ ശ്രമിക്കുന്നതായി സൂചന ലഭിച്ചത്. തുടർന്ന് ഡൽഹിയിലെത്തിയ മാവൂർ പൊലീസ് എയർലൈൻ ഏജൻസിയുമായി ബന്ധപ്പെട്ടു ഇവരുടെ ടിക്കറ്റ് റദ്ദു ചെയ്തു.
സിഐഎസ്എഫിന്റെ സഹായത്തോടെ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. മാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത്, ഓഫിസർമാരായ പ്രജീഷ് അരീപ്പുഴ എന്നിവർ ചേർന്നാണ് ഡൽഹിയിൽ നിന്നു യുവതിയെയും കുഞ്ഞിനെയും നാട്ടിലെത്തിച്ചത്. സബ് ഇൻസ്പെക്ടർമാരായ കെ.രമേശ് ബാബു, കെ.ഹരിഹരൻ, സിറ്റി ക്രൈം എസ്ഐ. ഒ.മോഹൻദാസ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ സി.സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.