‘സാരെ ജഹാൻ സെ അച്ഛാ’; ഏഷ്യൻ റെക്കോർഡ് നേടി ഭിന്നശേഷിക്കാരും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും
Mail This Article
കോഴിക്കോട്∙ ഭിന്നശേഷി രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ആംഗ്യഭാഷയിൽ (ഐഎസ്എൽ) ‘സാരെ ജഹാൻ സെ അച്ഛാ...’ എന്ന ദേശീയോദ്ഗ്രഥന ഗാനത്തിനു പുതിയ അവതരണം നടത്തി ഏഷ്യൻ റെക്കാർഡിലേക്കു കാൽവച്ചു ജില്ലയിലെ ഭിന്നശേഷിക്കാരും സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റും.
കോഴിക്കോട് സിറ്റി പൊലീസും ഭിന്നശേഷിയുള്ളവർക്കുള്ള സംയോജിത പ്രാദേശിക കേന്ദ്രവും (സിആർസി), കോഴിക്കോട് സിറ്റി സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് അംഗങ്ങളും സംയുക്തമായാണു ‘സാരെ ജഹാൻ സെ അച്ഛാ’ ഗാനത്തിനു വേറിട്ട അവതരണം നടത്തിയത്. ജില്ലയിലെ 36 സ്കൂളിൽ നിന്നും സിആർസിയിൽ നിന്നുമായി മൂവായിരത്തിലേറെ വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലെ കേൾവിക്കുറവുള്ള വിദ്യാർഥികളുമാണു മാനാഞ്ചിറ സ്ക്വയറിൽ സംഗമിച്ചത്.
ഇന്ത്യൻ ആംഗ്യ ഭാഷയിലുള്ള അവതരണം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പൊതു നിർമിതികൾ ഇനിമുതൽ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു. മാനാഞ്ചിറ സ്ക്വയറിൽ അണിനിരന്നവരൊപ്പം മന്ത്രിയും ചടങ്ങിനെത്തിയവരും പൊലീസ് സേന അംഗങ്ങളും രക്ഷിതാക്കളും ഇന്ത്യൻ ആംഗ്യഭാഷയിലുള്ള ഗാനത്തിനൊപ്പം പങ്കു ചേർന്നു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ഐജി കെ.സേതുരാമൻ, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, ഡപ്യൂട്ടി കമ്മിഷണർ അങ്കിത് കുമാർ സിങ്, സിആർസി ഡയറക്ടർ കെ.എൻ.റോഷൻ ബിജിലി, കെ.കെ.ആഗേഷ്, കൗൺസിലർ എസ്.കെ.അബൂബക്കർ, അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് കമ്മിഷണർമാരായ കെ.എ.സുരേഷ്ബാബു, കെ.കെ.വിനോദൻ, എ.ജെ.ജോൺസൻ, വി.സുരേഷ്, കെ.എ.ബോസ്, ടി.കെ.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.