റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗത പരിഷ്കാരം; സ്റ്റേഷനിലേക്കു വരാനും പോകാനും പുതിയ വഴി
Mail This Article
കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികളുടെ ഭാഗമായി സ്റ്റേഷനിലേക്ക് ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ വരുന്നതിലും പോകുന്നതിലും നാളെ മുതൽ താൽക്കാലിക ക്രമീകരണം. വാഹനങ്ങൾ ആനിഹാൾ റോഡിലൂടെ വന്ന് സ്റ്റേഷൻ കോംപൗണ്ടിൽ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാൻ. ലിങ്ക് റോഡ് വഴി വന്നാൽ ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾക്ക് സ്റ്റേഷൻ കോംപൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല.
ആനിഹാൾ റോഡുവഴി വന്ന് സ്റ്റേഷൻ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് തെക്കുഭാഗത്തേക്ക് തിരിഞ്ഞ് പാർക്കിങ്ങിലേക്കോ അല്ലെങ്കിൽ ആൽമരത്തിനടുത്തായി തുറക്കുന്ന പുതിയ വഴിയിലൂടെ പുറത്തേക്കോ കടക്കാം. പുതിയ വഴിയൊരുക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ നാളെ മുതൽ മൂന്നാഴ്ചത്തേക്ക് താൽക്കാലികമായി പുറത്തേക്ക് കടക്കാൻ ബസ് സ്റ്റോപ്പിന് അടുത്ത പഴയ വഴി ഉപയോഗിക്കാം.
പുതിയ ക്രമീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പാർക്കിങ് സ്ഥലത്തുനിന്ന് ഒരു ഭാഗം ഒഴിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവിടെ ടൈൽ പാകൽ ബാക്കിയുണ്ട്. അതു പൂർത്തിയാകുന്നതോടെ അകത്തേക്കു പ്രവേശിക്കുന്ന വാഹനങ്ങൾ ആൽമരത്തിനടുത്ത വഴിയിലൂടെ മാത്രമേ പുറത്തേക്ക് പോകാവൂ. ഓട്ടോറിക്ഷകൾക്കു വടക്കു ഭാഗത്തെ നിലവിലുള്ള വഴിയിലൂടെ അകത്തേക്ക് കടന്ന് പുതുതായി തുറന്ന വഴിയിലൂടെ പുറത്തേക്ക് പോകാം.
ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ 2 വഴികൾ മാത്രം
∙ സ്റ്റേഷൻ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ ഇനി 2 വഴികൾ മാത്രം. ഇപ്പോഴത്തെ 2 പ്രധാന വഴികൾ അടയ്ക്കും. വടക്കുഭാഗത്ത് എസ്കലേറ്ററുകൾക്ക് അടുത്തായി നിലവിലുള്ള കവാടത്തിനു പുറമേ തെക്കുഭാഗത്ത് നടപ്പാത (എഫ്ഒപി) ആരംഭിക്കുന്നിടത്താണ് പുതിയ കവാടം തുറക്കാൻ പോകുന്നത്. മറ്റു പ്രവേശന മാർഗങ്ങളെല്ലാം അടയ്ക്കും. ഈ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണിത്.
അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളും മാറുന്നു
ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി അതിൽ പ്രവർത്തിച്ചിരുന്ന അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളും മാറ്റുന്നു. ഒന്നാം പ്ലാറ്റ്ഫോമിലെ തെക്കുഭാഗത്തെ നടപ്പാതയുടെ അടുത്തായാണ് താൽക്കാലിക കൗണ്ടറുകൾ തുറക്കുക. അതോടൊപ്പം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (എടിവിഎം) മാറും. കോഴിക്കോട് സ്റ്റേഷനിൽ 1, 4 പ്ലാറ്റ്ഫോമുകളിലായി 12 എടിവിഎമ്മുകളാണ് പ്രവർത്തിക്കുന്നത്. രണ്ടിടത്തും 6 എണ്ണം വീതം. അതിൽ രണ്ടെണ്ണം ഒന്നാം പ്ലാറ്റ്ഫോമിൽ എസ്കലേറ്ററിന് അടുത്തേക്ക് അടുത്തിടെ മാറ്റി.
മേലേ പാളയം റോഡിലെ വൺവേ ഒഴിവാക്കി
പാളയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ദീവാർ ഹോട്ടലിനു മുന്നിലൂടെ നാലാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം അനുവദിച്ചതാണു മറ്റൊരു ഗതാഗതപരിഷ്കാരം. നേരത്തെ പൂർണമായും അടച്ചിരുന്ന ഈ വഴിയിൽ പിന്നീട് ഇരുചക്രവാഹനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നു. ഇപ്പോൾ മുഴുവൻ വാഹനങ്ങൾക്കും ഇരുഭാഗത്തേക്കും പ്രവേശനം അനുവദിച്ചു.