സരോവരത്തെ കണ്ടൽക്കാട് കയ്യേറ്റത്തിനെതിരെ സമരം; പിന്തുണയുമായി എംപിയെത്തി
Mail This Article
കോഴിക്കോട്∙ സരോവരം ബയോ പാർക്കുമായി ചേർന്നു കിടക്കുന്ന കണ്ടൽ – തണ്ണീർത്തടം സംരക്ഷിക്കുന്നതിനായി സരോവരം ബയോപാർക്ക് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനു പിന്തുണയുമായി എം.കെ.രാഘവൻ എംപി സ്ഥലം സന്ദർശിച്ചു.
തണ്ണീർത്തടം നിലനിർത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു എംപി സമര നേതാക്കൾക്കും പ്രദേശവാസികൾക്കും ഉറപ്പു നൽകി. സംഭവം മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും അറിയിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും തണ്ണീർത്തടം കയ്യേറി അനധികൃത നിർമാണം അനുവദിക്കില്ല. വാഴാത്തിരുത്തി, കിഴക്കൻത്തിരുത്തി, പ്രകൃതി സംരക്ഷണ സമിതി നേതാക്കളുമായി ചർച്ച നടത്തിയ എംപി തണ്ണീർത്തടം കയ്യേറിയ പ്രദേശവും കണ്ടൽ വെട്ടി റോഡു നിർമാണം നടത്തിയ സ്ഥലവും സന്ദർശിച്ചു.
സമിതി ഭാരവാഹികൾ എംപിക്ക് നിവേദനം നൽകി.
കോഴിക്കോട് താലൂക്കിലെ കോട്ടൂളി, വേങ്ങേരി, ചേവായൂർ വില്ലേജുകളിലായി 250 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർത്തട കയ്യേറ്റം തടയണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. സമിതി പ്രസിഡന്റ് കെ.അജയലാൽ, സെക്രട്ടറി കെ.പി.അലക്സ്, ജീജാഭായ്, എം.ജോഷി, ജിനോ ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
അവർ ഞങ്ങളെയും ഉപദ്രവിക്കുമോ? ‘രാഘവൻ അമ്മാവന്’ ദിൽനയുടെ കത്ത്
കോഴിക്കോട്∙ വാഴാത്തിരുത്തി പ്രദേശവാസിയും സെന്റ് വിൻസന്റ് കോളനി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ കെ.ദിൽന എം.കെ.രാഘവൻ എംപിക്ക് നൽകിയ കുറിപ്പ് ശ്രദ്ധേയം. 'രാഘവൻ അമ്മാവന്' എന്നു ആരംഭിക്കുന്ന കത്തിൽ ഇവിടെ വാസ യോഗ്യമാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നതോടൊപ്പം കയ്യേറ്റക്കാരുടെ യന്ത്രങ്ങളുടെ ഇരമ്പലിൽ രാത്രി ഉറങ്ങാത്തതും ഭയന്നിരിക്കുന്ന നിമിഷങ്ങളും സൂചിപ്പിക്കുന്നു.
‘പ്രകൃതി ഭംഗിയുള്ള ഈ പ്രദേശത്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങൾ ആശങ്കയിലാണ്. പാതിരാത്രിയിൽ അച്ഛനെ സഹായത്തിനായി നാട്ടുകാർ വിളിക്കുമ്പോൾ അച്ഛൻ ഇറങ്ങിപ്പോകും. പിന്നീട് ഞാനും സഹാദരനും ഉറങ്ങാറില്ല. മണ്ണുമാന്തിയുമായി രാത്രി എത്തുന്നവർ ഭയപ്പെടുത്തുന്ന രൂപമുള്ളവരാണ്. പ്രകൃതിയെ ദ്രോഹിക്കുന്ന അവർ നാളെ ഞങ്ങളെയും ഉപദ്രവിക്കുമോ’ എന്നും കത്തിൽ ചോദിക്കുന്നുണ്ട്.