സർവകലാശാലാ ദേശീയ ചാംപ്യൻഷിപ്; ബോക്സിങ് റിങ്ങിൽ ചേച്ചിയും, അനിയനും
Mail This Article
കോഴിക്കോട്∙ ഇടിക്കൂട്ടിൽ പുതിയ ചരിത്രമെഴുതാൻ ചേച്ചിയും അനിയനും. കാലിക്കറ്റ് സർവകലാശാലയ്ക്കു വേണ്ടി ദേശീയ അന്തർ സർവകലാശാലാ ബോക്സിങ് ചാംപ്യൻഷിപ്പിലാണ് പൂളാടിക്കുന്ന് സ്വദേശികളായ സി.നന്ദനയും അനിയൻ അദ്വൈത് എസ്.കിഷോറും മത്സരിക്കാനിറങ്ങുന്നത്. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിഎസ്‌സി സുവോളജി മൂന്നാം വർഷ വിദ്യാർഥിയാണ് സി.നന്ദന. ഗുരുവായൂരപ്പൻ കോളജിൽ ഒന്നാംവർഷ ബോട്ടണി വിദ്യാർഥിയാണ് അദ്വൈത് എസ്.കിഷോർ.
പൂളാടിക്കുന്ന് കാർത്തികയിൽ സി.ഷിബിൻ കിഷോറിന്റെയും പി.ബബിതയുടെയും മക്കളാണ് ഇവർ. അനേകം ബോക്സിങ് താരങ്ങളെ പരിശീലിപ്പിച്ച പൂളാടിക്കുന്നിൽനിന്നാണ് നന്ദനയും അദ്വൈതും വരുന്നത്. എട്ടാം ക്ലാസ് മുതൽ നന്ദന ബോക്സിങ് പരിശീലിക്കുന്നുണ്ട്. കഴിഞ്ഞ 4 വർഷമായി അനിയൻ അദ്വൈതും ബോക്സിങ് പരിശീലിക്കുന്നു. രമേശ് പൂളാടിക്കുന്നാണ് പരിശീലകൻ.സർവകലാശാലാ ചാംപ്യൻഷിപ്പിൽ 52 കിലോയിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ചാംപ്യനായാണ് നന്ദന ദേശീയ മത്സരത്തിനു യോഗ്യത നേടിയത്. 51 കിലോയിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിലാണ് അദ്വൈത് വിജയിയായത്.