കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഗതാഗത പരിഷ്കാരം നിലവിൽ വന്നു
Mail This Article
കോഴിക്കോട്∙ രാവിലെ മുതൽ വൈകിട്ടു വരെ യാത്രക്കാരെ വട്ടംകറക്കിയ ശേഷം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ രാത്രി 7നു ഗതാഗത പരിഷ്കാരം നടപ്പാക്കി. റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡിൽനിന്ന് സ്റ്റേഷൻ കോംപൗണ്ടിലേക്കു പ്രവേശിക്കാൻ പുതിയ വഴിയൊരുക്കാൻ വൈകി. അതിനാലാണ് ഇന്നലെ രാവിലെ നടപ്പാക്കാനിരുന്ന ക്രമീകരണം വൈകിയത്. എടിഎം കൗണ്ടറുകൾക്ക് അരികിലായി സ്ഥാപിച്ചിരുന്ന ഇരുമ്പു കൈവരികൾ മുറിച്ചുനീക്കിയതുതന്നെ വൈകിട്ടാണ്. വഴിയൊരുക്കുന്നതിന്റെ ഭാഗമായി ചെറിയൊരു ഭാഗത്ത് രാവിലെ കോൺക്രീറ്റ് ചെയ്തതും ഗതാഗതം ഇതുവഴി തിരിച്ചുവിടുന്നതിനു തടസ്സമായി.
ഒടുവിൽ രാത്രി 7ന് ഇൻ –ഔട്ട് ബോർഡുകൾ സ്ഥാപിച്ച് ഗതാഗതപരിഷ്കാരം റെയിൽവേ നടപ്പാക്കി. അതേസമയം പൊലീസിന്റെയും റെയിൽവേയുടെയും പ്രഖ്യാപനം അറിഞ്ഞ യാത്രക്കാർ രാവിലെ മുതൽ ആനിഹാൾ റോഡ് വഴി വന്നിരുന്നു. പുതിയ വഴി തുറക്കുമെന്ന് പ്രതീക്ഷിച്ച സ്ഥലത്ത് എത്തിയപ്പോഴാണ് അവിടെ വഴി ഇല്ലെന്നു മനസ്സിലായത്. തുടർന്ന് വീണ്ടും പഴയ വഴിയിലൂടെ സ്റ്റേഷൻ കോംപൗണ്ടിന് അകത്തേക്ക് കടക്കുകയായിരുന്നു. ഗതാഗത പരിഷ്കാരം പൂർണതോതിൽ ഇന്നു നടപ്പാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.