ADVERTISEMENT

കോഴിക്കോട്∙ പാചകത്തിന് ഉപയോഗിക്കാവുന്ന പുതിയ ഇഞ്ചി ഇനം വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇഞ്ചി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐഐഎസ്ആർ സുരസ’ എന്നാണു പേര്. കഴിക്കുമ്പോൾ കടുത്ത രുചി അനുഭവപ്പെടാത്ത ഇനമാണ് സുരസ. ഇന്ത്യയിൽ പച്ചക്കറി ആവശ്യത്തിനു വേണ്ടി ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചി ഇനമാണിത്.

കോടഞ്ചേരിയിലെ കർഷകനായ ജോൺ ജോസഫിന്റെ കയ്യിലുള്ള ഇഞ്ചിയിൽനിന്നാണ് ആദ്യഗവേഷണങ്ങൾ തുടങ്ങിയത്. ഇതിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് സുരസ വികസിപ്പിച്ചത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലും കേരളം, നാഗാലാൻഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമായി ആറു വർഷത്തോളം കൃഷി ചെയ്ത് ഉൽപാദനക്ഷമത ഉറപ്പുവരുത്തി. ഈ ഇനം കേരളത്തിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കേരള സംസ്ഥാന വെറൈറ്റൽ റിലീസ് കമ്മിറ്റിയിൽ നിന്നു ഗവേഷണ സ്ഥാപനം നേടി.

അടുത്ത നടീൽ സീസണായ മേയ്, ജൂൺ മാസത്തോടെ കർഷകർക്കു വിത്ത് ലഭ്യമാകും.  സാധാരണ ഇഞ്ചി ഇനങ്ങളെക്കാൾ വലുപ്പമുണ്ട്. രുചിയുള്ളത്. കാമ്പിനു വെള്ള കലർന്ന മഞ്ഞ നിറം. നാരിന്റെ അംശം കുറവാണ്. ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുന്നതിനും അനുയോജ്യമാണെന്ന് സുരസയുടെ മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. സി.കെ.തങ്കമണി പറഞ്ഞു. ഡോ. എൻ.കെ.ലീല, ഡോ. ടി.ഇ.ഷീജ, ഡോ. കെ.എസ്.കൃഷ്ണമൂർത്തി, ഡോ. ഡി.പ്രസാദ്, ഡോ. ഷാരോൺ അരവിന്ദ്, ഡോ. എസ്.മുകേഷ് ശങ്കർ എന്നിവരാണ് ഗവേഷണ സംഘത്തിൽ.

English Summary:

IISR Surasa is a new ginger variety developed by the Indian Institute of Spices Research for culinary use, boasting high yields and a pleasant flavor. The variety is expected to be available to farmers by the next planting season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com