പേരാമ്പ്രയിൽ എംഡിഎംഎ വിൽപനക്കാരനെയും സഹോദരനെയും പോലീസ് ഓടിച്ചിട്ട് പിടികൂടി
Mail This Article
പേരാമ്പ്ര ∙ പേരാമ്പ്രയിൽ എംഡിഎംഎ ലഹരി വിൽപനക്കാരനെയും സഹോദരനെയും പോലീസ് ഓടിച്ചിട്ട് പിടികൂടി. പേരാമ്പ്ര പുറ്റംപൊയിൽ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര അഫ്നാജ് എന്ന ചിമ്പി, മുഹസിൻ എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ഷമീറും സംഘവും കൈ കാണിച്ചു നിർത്താതെ പോയ കാർ പിൻതുടരുകയും ഇവരുടെ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള കേദാരം കാർ വർക്ഷോപ്പിലേക്ക് ഓടിച്ചു കയറ്റുകയുമായിരുന്നു.
പിന്നാലെയെത്തിയ എസ്ഐയും സംഘവും പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധസ്ക്വാഡും ചേർന്ന് ഇവരെ സാഹസികമായി കീഴടക്കുകയായിരുന്നു. പരിശോധനയിൽ മാരക മയക്കുമരുന്നായ 6 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതി സ്ഥിരമായി വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തുന്നയാളാണെന്നും നിരവധി സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും ഇയാൾ ഇതു വിതരണം ചെയ്യാറുണ്ടെന്നും പരാതിയുണ്ടായിരുന്നു.
വാടക വീടുകളിൽ മാറി മാറി താമസിച്ചും മൊബൈൽ നമ്പർ മാറ്റിയും ദിവസവും കാറുകൾ മാറ്റി മാറ്റി ഉപയോഗിച്ചും പോലീസിനെ കബളിപ്പിക്കുകയായിരുന്നു ഇവർ. ഒരു വർഷത്തോളമായി നിരീക്ഷിച്ചു വരികയാണെന്നും സ്ഥിരം നോട്ടപ്പുള്ളിയായ ചിമ്പി നിരവധി ക്രിമിനൽ കേസിലും കളവ് കേസിലുമുൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു