കല്ലാച്ചി ടൗൺ വികസനം: കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
Mail This Article
കല്ലാച്ചി∙ ടൗൺ വികസനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. റോഡ് വികസനത്തിനായി കടകൾ അടക്കമുള്ള കെട്ടിടങ്ങളുടെ ഇരു ഭാഗത്തു നിന്നും ഒന്നര മീറ്റർ വീതം റോഡിനോടു ചേർക്കും. പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കി ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. അടുത്ത ദിവസങ്ങളിൽ സ്വകാര്യ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങും. മിക്ക വ്യാപാരികളും കെട്ടിട ഉടമകളും ചേർന്നു കെട്ടിടങ്ങളുടെ മുൻ ഭാഗം പൊളിച്ചു നൽകാമെന്നു ജനകീയ സമിതിയെയും പഞ്ചായത്തിനെയും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചു പണി പൂർത്തീകരിക്കുന്നതിനു സാവകാശം നൽകും.
എന്നാൽ, പണി കരാറെടുത്ത യുഎൽസിസി പണി വേഗം തീർക്കാനാണ് താൽപര്യം പ്രകടിപ്പിച്ചത്. വേഗത്തിൽ കെട്ടിടങ്ങളുടെ മുൻഭാഗം പൊളിക്കാനാണ് തീരുമാനം. കെട്ടിട ഉടമകളിൽ ഏറെ പേരും ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് ഇപ്പോൾ അനുവദിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തി പണി നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടൗണിലെ വ്യാപാരികൾക്ക് ടൗൺ വികസനം കാരണം കുടിയൊഴിഞ്ഞു പോകേണ്ട സ്ഥിതി ഉണ്ടാകില്ലെന്ന് എംഎൽഎ അടക്കമുള്ളവർ വ്യാപാരി സംഘടനകൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനിടെ, കെട്ടിടങ്ങളുടെ മുൻഭാഗം പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച 5 കെട്ടിട ഉടമകളിൽ ചിലർ കേസ് പിൻവലിക്കാൻ സന്നദ്ധത അറിയിച്ചതായി സൂചന ലഭിച്ചു. ഇതു പ്രകാരം അനുരഞ്ജന ചർച്ച തുടങ്ങി.