റോഡ് നിർമാണത്തിന്റെ പേരിൽ മുതുകുന്ന് മലയിൽ മണ്ണ് ഖനനം
Mail This Article
നൊച്ചാട്∙ പഞ്ചായത്തിലെ മുതുകുന്ന് മലയിൽ റോഡ് നിർമാണത്തിന്റെ പേരിൽ മണ്ണ് ഖനനം നടത്തുന്നതായി പരാതി. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ഖനനം തടയാതിരിക്കാൻ ദേശീയപാത പ്രവൃത്തിക്ക് മണ്ണ് നിറയ്ക്കാൻ എന്ന പേരിലാണ് കുന്ന് ഇടിക്കുന്നത്. ഇതിനായി ഒരു കമ്പനിയുമായി ഉടമ്പടി ചെയ്താണ് മലയിടിക്കൽ ആരംഭിച്ചത്. വക്ക എന്ന പേരിൽ ആരംഭിച്ച കമ്പനി മുതുകുന്ന് മലയുടെ മുകളിൽ വാങ്ങിയ 15 ഏക്കറിൽ റിസോർട്ട് നിർമിക്കാൻ വേണ്ടിയാണ് ഖനനം എന്നാണ് പരാതി.
റോഡ് നിർമാണം പൂർത്തിയായാൽ മലയുടെ മുകളിൽ 10 ഏക്കറോളം സ്ഥലം മുഴുവനായും നിരപ്പാകും.ഇത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കും. ഈ മലയുടെ സമീപത്ത് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായി ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ജലജീവൻ മിഷൻ 20 ലക്ഷം ലീറ്റർ സംഭരണ ശേഷിയിൽ നിർമിക്കുന്ന വാട്ടർ ടാങ്കിനും മണ്ണ് ഖനനം പ്രതിസന്ധിയാകും. ജില്ലാ പഞ്ചായത്ത് 6 മീറ്റർ വീതിയിൽ ഉണ്ടാക്കിയ റോഡ് പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മുതുകുന്ന് മല ഖനനം പൂർണമായി നിർത്തി വയ്ക്കണമെന്നു നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.