ഫറോക്ക് ടൗൺഹാൾ നവീകരണം അനിശ്ചിതത്വത്തിൽ; കിഫ്ബി അനുമതി വൈകുന്നു
Mail This Article
ഫറോക്ക് ∙കിഫ്ബി അനുമതി നീളുന്നതിനാൽ ഫറോക്ക് നഗരസഭ ടൗൺഹാൾ പുനരുദ്ധാരണ പദ്ധതി അനിശ്ചിതത്വത്തിൽ. നഗരസഭയ്ക്ക് അത്യാധുനിക ഓഫിസും ഓഡിറ്റോറിയവും നിർമിക്കാൻ പദ്ധതി സമർപ്പിച്ചു 4 വർഷം പിന്നിട്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.നിലവിലുള്ള ടൗൺ ഹാൾ കെട്ടിടവും ബഡ്സ് സ്കൂളും പൊളിച്ചു നീക്കി ആധുനിക സൗകര്യങ്ങളുള്ള 4 നില കെട്ടിടം പണിയാൻ 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ വിശദ പദ്ധതി രൂപരേഖ തയാറാക്കി കിഫ്ബിക്കു സമർപ്പിച്ചെങ്കിലും തിരിച്ചയച്ചു. അപാകത പരിഹരിച്ച് പുതിയ രൂപരേഖ തയാറാക്കിയെങ്കിലും അനുമതി വൈകുകയാണ്. 5000 ചതുരശ്ര അടി വിസ്തീർണത്തിൽ ഓഫിസ് കം ഓഡിറ്റോറിയം സമുച്ചയമാണ് വിഭാവനം ചെയ്തത്.
ഓഡിറ്റോറിയം, മിനി കോൺഫറൻസ് ഹാൾ, എൻജിനീയറിങ് വിഭാഗം, കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, എൻയുഎൽഎം ഓഫിസ് എന്നിവ ഉൾപ്പെടുത്തിയാണ് ഡിപിആർ തയാറാക്കിയത്. എന്നാൽ കിഫ്ബി അനുമതി നീളുന്നതിനാൽ നിർമാണ നടപടി തുടങ്ങാനായില്ല. കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട നിലവിലെ ടൗൺ ഹാൾ ഏറെക്കാലമായി അടച്ചിട്ടിരിക്കുകയാണ്. മറ്റു സൗകര്യം ഇല്ലാത്തതിനാൽ നഗരസഭയുടേത് ഉൾപ്പെടെ പൊതുപരിപാടികൾ നടത്താൻ സ്വകാര്യ ഹാളുകളാണ് ആശ്രയിക്കുന്നത്.40 വർഷം പഴക്കമുള്ള ടൗൺഹാളിന്റെ ബീമുകൾക്കും തൂണുകളും വിള്ളൽ വീണു തകർച്ചയുടെ വക്കിലാണ്. സിമന്റ് തേപ്പ് അടർന്നു പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. അറ്റകുറ്റപ്പണി നടത്തുന്നതിൽ കാര്യമില്ലെന്നു വിലയിരുത്തിയാണു പുതിയ ഹാൾ പണിയാൻ അധികൃതർ മുന്നിട്ടിറങ്ങിയത്. എന്നാൽ നടപടിക്രമങ്ങൾ അനന്തമായി നീളുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.