കരിപ്പൂരിൽ വിമാനം ആരെയും കാത്തുകിടക്കില്ല; രാമനാട്ടുകര ബൈപാസ് ജംക്ഷൻ കടന്നുകിട്ടിയാൽ രക്ഷപ്പെട്ടു
Mail This Article
രാമനാട്ടുകര ∙ ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കാത്തതിനാൽ ബൈപാസ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക്. തിരക്കേറിയ രാവിലെയും വൈകിട്ടും വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു. ജംക്‌ഷനിലെ കുരുക്കിൽ നിന്നു രക്ഷപ്പെട്ടു പോകാൻ കഷ്ടപ്പെടുകയാണ് യാത്രക്കാർ. നിസരി ജംക്‌ഷനിൽ നിന്നു ദേശീയ പാതയിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ നഗരത്തിൽ നിന്നുള്ള മിക്ക വാഹനങ്ങളും ബൈപാസ് ജംക്‌ഷനിൽ എത്തിയാണ് സർവീസ് റോഡിലൂടെ യൂണിവേഴ്സിറ്റി ഭാഗത്തേക്ക് പോകുന്നത്. എയർപോർട്ട് റോഡിലും നിസരി ഭാഗത്തു നിന്നുള്ള സർവീസ് റോഡിലൂടെയും ജംക്‌ഷനിലേക്ക് കൂട്ടത്തോടെ വാഹനങ്ങൾ എത്തുന്നതാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്.
ഇന്നലെ വൈകിട്ട് കവലയിലെ നാലു ദിക്കിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പൊലീസ് ഇടപെട്ടു നിയന്ത്രിച്ചെങ്കിലും ജംക്‌ഷനിലെ കുരുക്കഴിക്കാൻ പാടുപെട്ടു. നഗരത്തിലേക്കുള്ള വാഹനങ്ങൾ വേഗത്തിൽ കടത്തി വിട്ടെങ്കിലും രാവിലെ എയർപോർട്ട് റോഡിൽ വാഹനങ്ങളുടെ നിരയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്ക് എത്തിയവർ വഴിയിൽ കുടുങ്ങി.
സർവീസ് റോഡിലെത്തി ജംക്‌ഷനിൽ നിന്നു യൂണിവേഴ്സിറ്റി ഭാഗത്തേക്കു തിരിഞ്ഞു പോകേണ്ട വാഹനങ്ങളും കുരുക്കിൽ അകപ്പെട്ടു. ദേശീയപാതയിലേക്കുള്ള പ്രവേശന മാർഗങ്ങൾ ഓരോന്നായി അടയ്ക്കപ്പെട്ടതോടെ തദ്ദേശീയരായ മിക്ക യാത്രക്കാരും ബൈപാസ് ജംക്‌ഷനിൽ എത്തിയാണ് സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് സ്ഥിരം സംവിധാനം ഒരുക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.