കടലുണ്ടി പക്ഷിസങ്കേതത്തിൽ പ്രകൃതി സഞ്ചാരപാത ഉദ്ഘാടനം 21ന്
Mail This Article
കടലുണ്ടി ∙ പക്ഷിസങ്കേതത്തിൽ ഒരുക്കിയ പ്രകൃതി സഞ്ചാര പാത (നാച്വറൽ വോക് വേ) 21ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് ഫണ്ടിൽനിന്ന് 1.10 കോടി രൂപ ചെലവിട്ടാണു കടലുണ്ടിപ്പുഴയോരത്ത് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കിയത്. 2 മീറ്റർ വീതിയിൽ 200 മീറ്റർ ദൂരത്തിലാണു നടപ്പാത. പുഴയോരത്ത് പാർശ്വഭിത്തി കെട്ടി നിരപ്പാക്കിയ പാതയിൽ പൂട്ടുകട്ട പാകി. അലങ്കാര വിളക്കുകൾ, ഇരുമ്പു കൈവരി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ, ശുചിമുറി, കഫെറ്റീരിയ, ലാൻഡ് സ്കേപ്പിങ് എന്നിവയുമുണ്ട്.
കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്കു പുഴ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാനും പക്ഷി സങ്കേതത്തിന്റെ സൗന്ദര്യം നുകർന്നു സമയം ചെലവഴിക്കാനും വികസന പദ്ധതി ഉപകരിക്കും.കടലുണ്ടിയുടെ ടൂറിസം വികസനം ലക്ഷ്യമിട്ടു ഇക്കോ ടൂറിസം കേന്ദ്രം ഓഫിസ് പരിസരം മുതൽ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോമീറ്ററിൽ പുഴയോരത്തു നടപ്പാത നിർമിക്കാനാണു പദ്ധതി. ആദ്യഘട്ടമാണ് ഇപ്പോൾ നടപ്പാക്കിയത്. 2ാം ഘട്ടത്തിൽ ചെമ്പേത്തോട് കടലുണ്ടിപ്പുഴയിൽ ചേരുന്ന ഭാഗത്ത് പാലം നിർമിച്ചു വോക് വേ കടലുണ്ടിക്കടവ് പാലം പരിസരത്തേക്കു ദീർഘിപ്പിക്കാൻ ലക്ഷ്യമിടുന്നു.