കളമൊഴിഞ്ഞു, കാക്കിപ്പടയിലെ സൗമ്യസാന്നിധ്യം; വിട നൽകി സഹപ്രവർത്തകരും സ്നേഹിതരും
Mail This Article
ബാലുശ്ശേരി ∙ ചതുരംഗക്കളത്തിൽ കരുക്കൾ നീക്കാൻ ഇനി ബഷീർ ഇല്ല. പൊലീസ് സേനയിലെ സൗമ്യസാന്നിധ്യത്തിന് ഹൃദയ വേദനയോടെ സഹപ്രവർത്തകരും സ്നേഹിതരും വിട ചൊല്ലി.കാക്കൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും ചെസ് താരവുമായ ബാലുശ്ശേരി പുത്തൻവീട്ടിൽ ബഷീർ കഴിഞ്ഞ ഞായറാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭൗതിക ശരീരം ആദ്യം കാക്കൂർ പൊലീസ് സ്റ്റേഷനിലും പിന്നീട് ബാലുശ്ശേരി സ്റ്റേഷനിലും എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ വൻ ജനാവലി അന്തിമോപചാരം അർപ്പിച്ചു.
റൂറൽ ജില്ലാ പൊലീസ് മേധാവി പി.നിധിൻ രാജ്, പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷ്, സ്പെഷൽ ഡിവൈഎസ്പി കെ.വി.സുഭാഷ് ബാബു, വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, കെപിഒഎ ജില്ലാ സെക്രട്ടറി പി.മുഹമ്മദ്, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സുഗിലേഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കോഴിക്കോട് സിറ്റി, താമരശ്ശേരി, ബാലുശ്ശേരി സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ബഷീറിനൊപ്പം ജോലി ചെയ്തവർ മരണ വിവരം അറിഞ്ഞ് മറ്റു ജില്ലകളിൽ നിന്നു പോലും എത്തിയിരുന്നു.
ചെസ് കളിയിൽ പ്രാഗൽഭ്യം തെളിയിച്ച ബഷീർ ബാലുശ്ശേരി ഫിഷർ ചെസ് അക്കാദമിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന പൊലീസ് ചെസ് ചാംപ്യൻഷിപ്പിലെ ജേതാവാണ്. ഇന്ത്യയിലെ ഒട്ടേറെ പ്രധാന ചെസ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കരുനീക്കത്തിലെ തന്ത്രങ്ങൾ പകർന്നു നൽകാൻ സദാ സന്നദ്ധനായിരുന്നു. ഒരിക്കൽ പരിചയപ്പെടുന്നവർക്ക് പിന്നീട് മറക്കാൻ കഴിയാത്ത സാന്നിധ്യമായി ബഷീർ മാറിയിരുന്നു.