‘ബേപ്പൂർ ആൻഡ് ബിയോണ്ട്’ സമഗ്ര ടൂറിസം പദ്ധതി ആദ്യഘട്ടം നാളെ സമർപ്പിക്കും
Mail This Article
ബേപ്പൂർ ∙ രാജ്യാന്തര വാട്ടർ ഫെസ്റ്റിന് ഒരുങ്ങുന്ന ബേപ്പൂർ ബീച്ച് മറീനയിൽ പൂർത്തിയായ ‘ബേപ്പൂർ ആൻഡ് ബിയോണ്ട്’ സമഗ്ര ടൂറിസം പദ്ധതി ആദ്യഘട്ടം നാളെ നാടിനു സമർപ്പിക്കും. വൈകിട്ട് 6.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. 9.94 കോടി രൂപ ചെലവിട്ടാണ് ബീച്ച് മറീനയിൽ ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. പുലിമുട്ടിലെ തകർന്ന ഇരിപ്പിടങ്ങളും ഉപയോഗരഹിതമായ അലങ്കാര വിളക്കുകളും പുതുക്കി സ്ഥാപിച്ചു. അടിത്തറയിൽ ആകർഷകമായ ബ്ലൂ സ്പ്രേ കോൺക്രീറ്റിങ് ഒരുക്കി. തറ കോൺക്രീറ്റ് ചെയ്തു ഗ്രാനൈറ്റ് പാളികൾ വിരിച്ചു. സഞ്ചാരികൾക്ക് കടൽത്തീരത്തേക്കു ഇറങ്ങാൻ കോൺക്രീറ്റ് പ്ലാറ്റ്ഫോം ഒരുക്കിയ ബീച്ചിന്റെ പാർശ്വ ഭാഗത്ത് കരിങ്കല്ല് സ്ഥാപിച്ച് ബലപ്പെടുത്തി. രാത്രി എത്തുന്ന സഞ്ചാരികൾക്ക് സൗകര്യം വർധിപ്പിക്കാൻ കൂടുതൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരിപ്പിട സൗകര്യം, കവാടത്തിൽ തൈ നടീൽ എന്നിവയും ആദ്യഘട്ടത്തിൽ നടപ്പാക്കി.
ബേപ്പൂരിന്റെ ചരിത്ര പൈതൃകം വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് നേതൃത്വത്തിൽ ബീച്ചിൽ വിവിധ മാതൃകാ പദ്ധതികൾ നടപ്പാക്കിയത്. 2ാം ഘട്ട വികസന പദ്ധതികൾക്ക് 15 കോടി രൂപ കൂടി വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് വിശാലമായ പാർക്കിങ് സൗകര്യം, കവാടം മുതൽ ബീച്ച് വരെ നടപ്പാതയോടെ റോഡ് നവീകരണം, മറീന ജെട്ടി നവീകരണം, കൂടുതൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, ലാൻഡ് സ്കേപ്പിങ്, ശുചിമുറി നവീകരണം തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ നടപ്പാക്കും. ഭേദഗതികൾ വരുത്തിയുള്ള വിശദമായ ഡിപിആർ പെട്ടെന്നു സമർപ്പിച്ച് അനുമതി തേടി രണ്ടാം ഘട്ട പ്രവർത്തനം തുടങ്ങാനാണു പദ്ധതി. ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്.